തോറ്റ്, തോറ്റ് ഇന്ത്യന്‍ വനിതകള്‍; നാലാം ഏകദിനത്തിലും ന്യൂസിലന്‍ഡിനോട് ദയനീയ പരാജയം; വൈറ്റ് വാഷിന്റെ വക്കില്‍

തോറ്റ്, തോറ്റ് ഇന്ത്യന്‍ വനിതകള്‍; നാലാം ഏകദിനത്തിലും ന്യൂസിലന്‍ഡിനോട് ദയനീയ പരാജയം; വൈറ്റ് വാഷിന്റെ വക്കില്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ക്വീന്‍സ്ടൗണ്‍: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനം തുടരുന്നു. തുടര്‍ച്ചയായി നാലാം ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ പരാജയം ഏറ്റുവാങ്ങി. നാലാം പോരില്‍ 63 റണ്‍സിനാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. 

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നാലില്‍ നാലും തോറ്റ ഇന്ത്യ വൈറ്റ് വാഷ് ഭീഷണിയുടെ വക്കിലാണ്. ഏകദിന പോരാട്ടത്തിന് മുന്‍പ് ഒരേയൊരു ടി20 മത്സരവും ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കളിച്ചിരുന്നു. അതിലും തോല്‍വിയായിരുന്നു ഫലം. അഞ്ചാം മത്സരത്തിലും തോല്‍വി നേരിട്ടാല്‍ ഒരു വിജയം പോലും ഇല്ലാതെ മടങ്ങേണ്ടി വരുമെന്ന നാണക്കേടും ഇന്ത്യന്‍ വനിതകളെ തുറിച്ചു നോക്കുന്നു. വനിതാ ലോകകപ്പ് പോരാട്ടത്തിന് രണ്ടാഴ്ച മാത്രം നില്‍ക്കെ ഈ നിലയിലുള്ള ടീമിന്റെ പ്രകടനം പരിശീലകന്‍ രമേഷ് പവാറിന്റെ കേസരയ്ക്കും ഇളക്കം തട്ടിക്കുന്നതാണ്. 

നാലാം ഏകദിനത്തില്‍ 20 ഓവര്‍ വീതമാണ് ഇരു ടീമുകള്‍ക്കും കളിക്കാന്‍ അവസരം കിട്ടിയത്. മഴയെ തുടര്‍ന്നാണ് ഓവര്‍ വെട്ടിക്കുറിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ മുന്നില്‍ വച്ചു. മറുപടി പറയാന്‍ ഇറങ്ങിയ ഇന്ത്യന്‍ വനിതകളുടെ പോരാട്ടം വെറും 128 റണ്‍സില്‍ അവസാനിച്ചു. 17.5 ഓവറില്‍ തന്നെ ഇന്ത്യയുടെ പ്രതിരോധം അവസാനിച്ചു. 

ക്യാപ്റ്റന്‍ മിതാലി രാജ്, കൗമാര താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിച്ച ഘോഷ് എന്നിവര്‍ മാത്രമാണ് പൊരുതിയത്. അതില്‍ തന്നെ റിച്ചയുടെ ഇന്നിങ്‌സ് ശ്രദ്ധേയമായി. താരം 29 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 52 റണ്‍സെടുത്തു. വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും താരത്തിന് സ്വന്തമായി. മിതാലി 28 പന്തുകള്‍ നേരിട്ട് രണ്ട് ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സ് കണ്ടെത്തി. 

ഓപ്പണര്‍ സ്മൃതി മന്ധനയാണ് രണ്ടക്കം കടന്ന മറ്റൊരു താരം. 13 റണ്‍സാണ് സ്മൃതിയുടെ സംഭാവന. ടീമിലെ നാല് താരങ്ങള്‍ സംപൂജ്യരായി മടങ്ങി. 

ന്യൂസിലന്‍ഡിനായി അമേലിയ കെര്‍, ഹെയ്‌ലി ജെന്‍സന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ഫ്രാന്‍സെസ് മക്കെ, ജെസ് കെര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. 

നേരത്തെ ടോസ് നേടി ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ആ തീരുമാനം തെറ്റാണെന്ന് അവരുടെ ആദ്യ നാല് ബാറ്റര്‍മാരും ചേര്‍ന്ന് തെളിയിക്കുകയും ചെയ്തു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി അമേലിയ കെര്‍ കളിയിലെ താരമായി. 

പുറത്താകാതെ 33 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 68 റണ്‍സ് വാരിയ അമേലിയയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സോഫി ഡെവിന്‍ (32), സുസി ബെറ്റ്‌സ് (41), അമി സ്റ്റാര്‍ത്‌വെയ്റ്റ് (32) എന്നിവരുടെ ബാറ്റിങാണ് ന്യൂസിലന്‍ഡ് സ്‌കോര്‍ ഈ നിലയില്‍ എത്തിച്ചത്. 

ഇന്ത്യക്കായി രേണുക സിങ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മേഘ്‌ന സിങ്, രാജേശ്വരി ഗെയ്ക്‌വാദ്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com