'ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തന്‍, ലോകകപ്പ് ടീമിലേക്ക് പരിഗണിക്കും'; സഞ്ജുവിനെ പ്രശംസയില്‍ മൂടി രോഹിത് ശര്‍മ

ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തിയുള്ള താരമാണ് സഞ്ജു എന്ന് രോഹിത് പറഞ്ഞു
ഫോട്ടോ:രാജസ്ഥാന്‍ റോയല്‍സ്‌, ട്വിറ്റർ
ഫോട്ടോ:രാജസ്ഥാന്‍ റോയല്‍സ്‌, ട്വിറ്റർ

ലഖ്‌നൗ: മലയാളി താരം സഞ്ജു സാംസണിനെ പ്രശംസയില്‍ മൂടി നായകന്‍ രോഹിത് ശര്‍മ. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തിയുള്ള താരമാണ് സഞ്ജു എന്ന് രോഹിത് പറഞ്ഞു. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റി20ക്ക് മുന്‍പായി നടത്തിയ പ്രസ് കോണ്‍ഫറന്‍സിലാണ് രോഹിത്തിന്റെ പ്രതികരണം. 

കഴിവുള്ള താരമാണ് സഞ്ജു. എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഇന്നിങ്‌സ് സഞ്ജുവില്‍ നിന്ന് നമ്മള്‍ കണ്ടിട്ടുണ്ട്. സഞ്ജുവിന്റെ ബാക്ക്ഫൂട്ടിലെ കളി വിസ്മയിപ്പിക്കുന്നതാണ്. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്നും രോഹിത് പറഞ്ഞു.

യുവ താരങ്ങള്‍ മികവ് കാണിക്കുന്നത് കാണുമ്പോള്‍ സന്തോഷിപ്പിക്കുന്നു. എന്നാല്‍ സീനിയര്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കണം എന്ന് ആഗ്രഹിക്കില്ല. കാരണം പരിക്കില്‍ നിന്നുള്ള തിരിച്ചുവരവ് ഏറെ പ്രയാസകരമാണ്. കളിക്കാരെ റൊട്ടേറ്റ് ചെയ്യാം എന്ന് കരുതുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കും എന്ന പ്രതീക്ഷയില്‍ നില്‍ക്കില്ല എന്നും രോഹിത് പറയുന്നു. 

ബൂമ്ര, രാഹുല്‍ പന്ത് എന്നിവര്‍ക്ക് ഒരുപാട് ചെയ്യാനുണ്ട്

മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത് വലിയ അംഗീകാരമാണ്. ഒരുപാട് വെല്ലുവിളികള്‍ മുന്‍പിലുണ്ട്. ബൂമ്ര, രാഹുല്‍ പന്ത് എന്നിവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് ചെയ്യാനുണ്ട്. ഇവരുമായി എങ്ങനെയാണ് മുന്‍പോട്ട് പോകേണ്ടത് എന്ന വ്യക്തമായ ധാരണ എനിക്കുണ്ട്. നമ്മള്‍ പാകപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ഇതിന്റെ പ്രക്രീയ എന്നും രോഹിത് പറഞ്ഞു. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ട്വന്റി20യില്‍ ബാറ്റിങ് പൊസിഷന്‍ മാറിയതിനെ കുറിച്ചും രോഹിത് പ്രതികരിച്ചു. ആ മത്സരത്തിലേക്ക് വേണ്ടി മാത്രമാണ് ആ മാറ്റം. അവര്‍ക്ക് കൂടുതല്‍ മത്സരം ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് അങ്ങനെ ചെയ്തത്. ലോകകപ്പ് ഇനിയും ദൂരെയാണ്. ടീമിന്റെ ആവശ്യം എന്താണെന്ന് നോക്കി ഇനിയും പരീക്ഷണങ്ങള്‍ തുടരും എന്നും രോഹിത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com