രോഹിതിനെ കാത്ത് ഒരു ലോക റെക്കോര്‍ഡ്! ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 ഇന്ന്

രോഹിതിനെ കാത്ത് ഒരു ലോക റെക്കോര്‍ഡ്! ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 ഇന്ന്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധരംശാല: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന് നടക്കാനിരിക്കെ ഒരു ലോക റെക്കോര്‍ഡിന്റെ വക്കിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വൈകീട്ട് ഏഴ് മുതല്‍ ധരംശാലയിലാണ് പോരാട്ടം.

ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരായ ഹോം പരമ്പര വിജയത്തിന് പിന്നാലെ ലങ്കക്കെതിരേയും നേട്ടം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ടീം. 

ഇന്നത്തെ വിജയത്തോടെ പരമ്പര നേട്ടം മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിനെ കാത്തിരിക്കുന്നത്. ഇന്ന് ജയിച്ചാല്‍ ഒരു ലോക റെക്കോര്‍ഡും താരത്തിന് സ്വന്തമാകും. 

സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിതിന് മുന്നിലുള്ളത്. നിലവില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസന്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് രോഹിത്. 

രോഹിതിന്റെ കീഴില്‍ നാട്ടില്‍ 16 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതില്‍ 15 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ ഹോം മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ടി20 പോരാട്ടങ്ങള്‍ വിജയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഹിറ്റ്മാന്‍ സ്വന്തം പേരിലേക്ക് മാറ്റാം. വിരാട് കോഹ്‌ലിക്ക് 13 വിജയങ്ങളും മുന്‍ നായകന്‍ എംഎസ് ധോനിക്ക് 10 വിജയങ്ങളുമാണ് അക്കൗണ്ടിലുള്ളത്. 

രോഹിതിനെ കാത്ത് ബാറ്റിങിലും നേട്ടം നില്‍ക്കുന്നുണ്ട്. ഇന്ന് 19 റണ്‍സ് കൂടി നേടിയാല്‍ എലൈറ്റ് ലിസ്റ്റിലേക്ക് രോഹിതിനും പേര് ചേര്‍ക്കാം. ടി20 ഫോര്‍മാറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിതിന് മുന്നിലുള്ളത്. ആരോണ്‍ ഫിഞ്ച്, ഒയിന്‍ മോര്‍ഗന്‍, വിരാട് കോഹ്‌ലി, എംഎസ് ധോനി, ബാബര്‍ അസം എന്നിവരാണ് രോഹിതിന് മുന്‍പ് പട്ടികയില്‍ ഇടം കണ്ട പ്രമുഖര്‍. 

അവിടെയും തീരുന്നില്ല കാത്തിരിക്കുന്ന നേട്ടം. നായകനെന്ന നിലയില്‍ 1000 റണ്‍സ് ഏറ്റവും വേഗത്തില്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന  നേട്ടവും രോഹിതിനെ കാത്ത് നില്‍ക്കുന്നു. പാക് നായകന്‍ ബാബര്‍ അസമാണ് ഏറ്റവും വേഗത്തില്‍ 1000ത്തില്‍ എത്തിയത്. താരത്തിന് 26 ഇന്നിങ്‌സുകളാണ് വേണ്ടി വന്നത്. 30 ഇന്നിങ്‌സില്‍ നേട്ടത്തിലെതത്തിയ കോഹ്‌ലിയെ പിന്തള്ളി ഇവിടെ രോഹിതിന് തന്റെ പേര് രണ്ടാമത് ചേര്‍ക്കാം. ഈ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് ധോനിയാണ്. താരത്തിന് 1000ത്തില്‍ എത്താന്‍ 57 ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com