രണ്ടാം ഇന്നിങ്സിലും ​ഗുജറാത്ത് വിയർക്കുന്നു; വിജയ പ്രതീക്ഷയിൽ കേരളം

രണ്ടാം ഇന്നിങ്സിലും ​ഗുജറാത്ത് വിയർക്കുന്നു; വിജയ പ്രതീക്ഷയിൽ കേരളം
വിഷ്ണു വിനോദ്
വിഷ്ണു വിനോദ്

രാജ്കോട്ട്: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും ഗുജറാത്തിന് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ 51 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് തുടങ്ങിയ അവർ മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകൾ മാത്രം ബാക്കിയുള്ള ​ഗുജറാത്തിന് 77 റൺസ് മാത്രമാണ് ലീഡുള്ളത്. ഉമാങ് കുമാർ (25), കരൺ പട്ടേൽ (28) എന്നിവരാണ് ക്രീസിലുള്ളത്. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ച്വറിയുമായി ഗുജറാത്ത് ഇന്നിങ്സിനെ രക്ഷപ്പെടുത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഹേത് പട്ടേൽ ഇത്തവണ ആറ് റൺസുമായി പുറത്തായി. ഓപ്പണർ സൗരവ് ചൗഹാൻ (25 പന്തിൽ 19), കതൻ പട്ടേൽ (32 പന്തിൽ 20), ക്യാപ്റ്റൻ ഭാർഗവ് മെറായ് (18 പന്തിൽ 11), ചിരാഗ് ജുനേജ (11 പന്തിൽ ആറ്) എന്നിവരാണ് ഗുജറാത്ത് നിരയിൽ പുറത്തായ മറ്റുള്ളവർ. കേരളത്തിനായി ബേസിൽ തമ്പി രണ്ടും എംഡി നിധീഷ്, ജലജ് സക്സേന, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ഓപ്പണർ രോഹൻ എസ് കുന്നുമ്മലിനു പിന്നാലെ പൊരുതി നേടിയ സെഞ്ച്വറിയുമായി വിഷ്ണു വിനോദും മികവ് പുലർത്തിയതോടെയാണ് കേരളം നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്. ഗുജറാത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 388 റൺസ് പിന്തുടർന്ന കേരളം, 439 റൺസിന് എല്ലാവരും പുറത്തായി. 

വിഷ്ണു വിനോദ് 113 റൺസെടുത്തു. വാലറ്റക്കാരെ കൂട്ടുപിടിച്ച് കേരളത്തിനായി ആക്രമണം നയിച്ച വിഷ്ണു 117 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. 13 ഫോറും ഒരു സിക്സും സഹിതമാണ് താരത്തിന്റെ ശതകം. ആകെ 143 പന്തുകൾ നേരിട്ട വിഷ്ണു 15 ഫോറും ഒരു സിക്സും സഹിതമാണ് 113 റൺസെടുത്തത്. 

നാല് വിക്കറ്റ് നഷ്ടത്തിൽ 277 റൺസെന്ന നിലയിൽ മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച കേരളത്തിനായി അഞ്ചാം വിക്കറ്റിൽ വത്സൽ ഗോവിന്ദിനൊപ്പം വിഷ്ണു വിനോദ് കൂട്ടിച്ചേർത്ത 98 റൺസാണ് നിർണായകമായത്. 130 പന്തിൽ നിന്നാണ് ഇരുവരും കേരള സ്കോർ ബോർഡിൽ 98 റൺസ് ചേർത്തത്. 85 പന്തുകൾ നേരിട്ട വത്സൽ ഗോവിന്ദ് മൂന്ന് ഫോറുകൾ സഹിതം 25 റൺസെടുത്താണ് പുറത്തായത്.

സൽമാൻ നിസാർ 16 പന്തിൽ ഒരു ഫോർ സഹിതം ആറ് റൺസുമായി പുറത്തായത് കേരളത്തിന് തിരിച്ചടിയായി. സിജോമോൻ ജോസഫിനും (10 പന്തിൽ നാലു റൺസ്) തിളങ്ങാനായില്ല. ബേസിൽ തമ്പി 22 പന്തിൽ 15 റൺസെടുത്തും പുറത്തായി. എംഡി നിധീഷ് ഒൻപത് പന്തിൽ ഒൻപത് റൺസുമായി പുറത്താകാതെ നിന്നു.

തുടർച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലിന്റെ (129) മികവിലാണ് കേരളം മികച്ച സ്കോറിനുള്ള അടിത്തറയിട്ടത്. 16 ഫോറും 4 സിക്സറും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്. രോഹനു പുറമേ ക്യാപ്റ്റൻ സച്ചിൻ ബേബി (53), പി രാഹുൽ (44) എന്നിവരും കേരളത്തിനായി തിളങ്ങി. ഗുജറാത്തിനായി സിദ്ധാർഥ് ദേശായി അഞ്ച് വിക്കറ്റ് വീഴ്ത്തി. നഗ്വാസ്‌വല്ല മൂന്ന് വിക്കറ്റും സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com