എന്തുകൊണ്ട് കോഹ്‌ലി വാര്‍ത്താ സമ്മേളനത്തിന് എത്തുന്നില്ല? വിശദീകരിച്ച് ദ്രാവിഡ് 

എന്തുകൊണ്ട് കോഹ്‌ലി വാര്‍ത്താ സമ്മേളനത്തിന് എത്തുന്നില്ല? വിശദീകരിച്ച് ദ്രാവിഡ് 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒഴിവാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി മാധ്യമപ്രവര്‍ത്തകര്‍. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോടാണ് മാധ്യമങ്ങള്‍ ചോദ്യം ഉന്നയിച്ചത്. ദക്ഷിണാഫ്രിക്കയിലെത്തിയ ശേഷം പതിവ് വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് കോഹ്‌ലി തുടര്‍ച്ചയായി അപ്രത്യക്ഷനാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോച്ചിനോടുള്ള ചോദ്യം. 

ടെസ്റ്റ് മത്സരങ്ങളുടെ തലേന്ന് ടീം ക്യാപ്റ്റന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും കോഹ്‌ലി മാറിനിന്നിരുന്നു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി രാഹുല്‍ ദ്രാവിഡാണ് വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. കോഹ്‌ലി മാറിനില്‍ക്കുന്നതില്‍ ഒരു ദുരൂഹതയും ഇല്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെടും മുന്‍പ് ഇന്ത്യയില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോഹ്‌ലി നടത്തിയ ചില വെളിപ്പെടുത്തലുകളും പരാമര്‍ശങ്ങളും വിവാദമായി മാറിയിരുന്നു. ഏകദിന ടീമിന്റെ നായക സ്ഥാനത്തു നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു കോഹ്‌ലിയുടെ പരാമര്‍ശങ്ങള്‍. ഈ സാഹചര്യത്തിലാണ് കോഹ്‌ലി തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നായിരുന്നു അഭ്യൂഹം. 

എന്നാല്‍, കേപ് ടൗണില്‍ ജനുവരി 11ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് കോഹ്‌ലിയുടെ കരിയറിലെ 100ാം ടെസ്റ്റ് ആയതിനാല്‍ അതിനു മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിനാണ് ഇത്തവണ താരം മാറിനില്‍ക്കുന്നതെന്നായിരുന്നു ദ്രാവിഡിന്റെ വിശദീകരണം.

'കോഹ്‌ലി മാറിനില്‍ക്കുന്നതിന് വിവാദങ്ങളുമായി യാതൊരു ബന്ധവുമില്ല. എനിക്ക് ലഭിച്ച വിവരമനുസരിച്ച് കേപ്ടൗണില്‍ ജനുവരി 11ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് കോഹ്‌ലിയുടെ കരിയറിലെ 100ാം ടെസ്റ്റാണ്. അത് വലിയൊരു നാഴികക്കല്ലായതിനാല്‍ അതിനു മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിനാലാണ് ഇത്തവണ അദ്ദേഹം മാറിനില്‍ക്കുന്നത്. 100ാം ടെസ്റ്റിനു മുന്നോടിയായി കോഹ്‌ലി മാധ്യമങ്ങള്‍ക്കു മുന്നിലെത്തുമ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അദ്ദേഹത്തോടു ഇഷ്ടം പോലെ ചോദ്യങ്ങള്‍ ഉന്നയിക്കാം. ആ നാഴികക്കല്ല് വലിയൊരു ആഘോഷമാക്കുകയും ചെയ്യാം. ഇതല്ലാതെ മറ്റു കാരണങ്ങളൊന്നും കോഹ്‌ലി മാറിനില്‍ക്കുന്നതിനു പിന്നില്‍ ഇല്ലെന്നാണ് എന്റെ അറിവ്'- ദ്രാവിഡ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com