കോടതിയെ സമീപിച്ച് ജോക്കോവിച്; താത്കാലിക ഇളവ്; നാട്ടിലേക്ക് തിരിച്ചയക്കുന്നത് വൈകിപ്പിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 08:20 PM  |  

Last Updated: 06th January 2022 08:20 PM  |   A+A-   |  

djokovic

ഫോട്ടോ: ട്വിറ്റർ

 

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിനായി എത്തിയ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെർബിയയുടെ നൊവാക് ജോക്കോവിചിനെ വിമാനത്താവളത്തിൽ തടഞ്ഞ സംഭവത്തിൽ കോടതിയെ സമീപിച്ച് താരം. മെൽബൺ വിമാനത്താവളത്തിലാണ് ജോക്കോവിചിനെ തടഞ്ഞത്. പിന്നാലെ വിസ റദ്ദാക്കി താരത്തെ നാട്ടിലേക്കു തിരിച്ചയക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ നിലപാടെടുത്തിരുന്നു. 

എന്നാൽ അന്തിമ വാദം നടക്കുന്ന തിങ്കളാഴ്ചയ്ക്കു മുൻപു താരത്തെ തിരിച്ചയയ്ക്കരുതെന്ന് ജഡ്ജി ഉത്തരവിട്ടു. ജോക്കോയ്ക്കു താത്കാലിക ഇളവ് ലഭിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകനും അറിയിച്ചിട്ടുണ്ട്. വാക്സിൻ ഡോസുകൾ മുഴുവൻ എടുത്തിട്ടില്ലെങ്കിലും ടൂർണമെന്റിൽ പങ്കെടുക്കാൻ ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ഇളവ് നൽകിയെന്ന് സമൂഹ മാധ്യമത്തിലൂടെ അറിയിച്ച ശേഷമാണു ജോക്കോവിച്ച് ഓസ്ട്രേലിയയിലേക്കു പുറപ്പെട്ടത്.

വിമാനത്താവളത്തിൽ വച്ച് ജോക്കോയെ തടഞ്ഞ അധികൃതർ, താരത്തെ ഹോട്ടലിലേക്കു മാറ്റുകയായിരുന്നു. രാജ്യത്തേക്കുള്ള യാത്രയ്ക്ക് വേണ്ട ചില രേഖകൾ ജോക്കോയുടെ പക്കലില്ലെന്ന് ഓസ്ട്രേലിയൻ ആരോഗ്യമന്ത്രി പ്രതികരിച്ചു.

ജോക്കോവിച്ചിന്റെ വിസയിൽ ഇളവുകളൊന്നും നൽകാനാവില്ലെന്നായിരുന്നു ഓസ്ട്രേലിയൻ അധികൃതരുടെ നിലപാട്. എല്ലാവർക്കും നിയമം ഒരുപോലെ ബാധകമാണെന്നും കോവിഡിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യമെന്നും ഓസ്ട്രേലിയൻ‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.