ക്രൊയേഷ്യൻ ക്ലബ് വിട്ടു; സന്ദേശ് ജിങ്കാൻ എടികെ മോഹൻ ബ​ഗാനിൽ തിരിച്ചെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 08:59 PM  |  

Last Updated: 06th January 2022 08:59 PM  |   A+A-   |  

sandesh

ഫോട്ടോ: ട്വിറ്റർ

 

പനാജി: ഇന്ത്യൻ ഫുട്ബോൾ താരം സന്ദേശ് ജിങ്കാൻ എടികെ മോഹൻ ബ​ഗാനിൽ തിരിച്ചെത്തി. ക്രൊയേഷ്യൻ ക്ലബ് വിട്ടാണ് താരം ഇന്ത്യയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താരം ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബ്ബായ എച്ച്എൻകെ ഷിബെനിക്കിൽ ചേർന്നത്. എന്നാൽ തുടർച്ചയായ പരിക്കുകൾ കാരണം താരത്തിനു ടീമിനൊപ്പം ഒരു മത്സരത്തിനു പോലും ഇറങ്ങാൻ സാധിച്ചില്ല.

നിലവിലെ സീസണിനു വേണ്ടിയുള്ള കരാറായിരിക്കും താരം മോഹൻബഗാനുമായുണ്ടാക്കുക. ജിങ്കാന്റെ തിരിച്ചുവരവ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2020–21 സീസണിൽ എടികെ മോഹൻബഗാനൊപ്പം കളിച്ച ശേഷമാണു താരം യൂറോപ്യൻ ക്ലബിലേക്കു സാധ്യതകൾ തേടി പോയത്.

എഎഫ്സി കപ്പിന് യോഗ്യത നേടിയിരുന്ന മോഹൻബഗാന് ജിങ്കാനെ ക്ലബിൽ നിലനിർത്താനായിരുന്നു താത്പര്യം. ക്രൊയേഷ്യൻ ക്ലബിനൊപ്പം പരിശീലനം തുടങ്ങിയ താരം ഏതാനും മത്സരങ്ങളിൽ പകരക്കാരുടെ നിരയിലുണ്ടായിരുന്നു. എന്നാൽ പരിക്കു വില്ലനായെത്തിയതോടെ ക്രൊയേഷ്യ വിടാൻ ജിങ്കാൻ തീരുമാനിക്കുകയായിരുന്നു.