കോട്ടകെട്ടി എല്‍ഗാറും സംഘവും; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

മഴ തുണച്ചില്ല, കോട്ടകെട്ടി എല്‍ഗാറും സംഘവും; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജൊഹന്നാസ്ബര്‍ഗ്: വാണ്ടറേഴ്‌സിലെ അപരാജിതരെന്ന പെരുമ ഇന്ത്യയെ തുണച്ചില്ല. തകര്‍ത്ത് പെയ്ത മഴയും ടീമിന്റെ രക്ഷയ്‌ക്കെത്തിയില്ല. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 1-1ന് സമനിലയിലാക്കി. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടത്തിനായി ഇന്ത്യ മൂന്നാം ടെസ്റ്റില്‍ വിജയിക്കണമെന്ന അനിവാര്യതയില്‍ എത്തി. 

ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 202, രണ്ടാം ഇന്നിങ്‌സ് 266 റണ്‍സ്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 229, രണ്ടാം ഇന്നിങ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ്. 

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. നാലാം ദിനമായ ഇന്ന് മഴ കളി മുടക്കിയെങ്കിലും മഴ മാറി കളി തുടങ്ങിയതിന് പിന്നാലെ ദക്ഷിണാഫ്രിക്ക അഞ്ചാം ദിനത്തിലേക്ക് കളി നീട്ടാതെ വിജയം പിടിക്കുകയായിരുന്നു. 

ഉജ്ജ്വല ബാറ്റിങുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. എല്‍ഗാര്‍ 96 റണ്‍സുമായി പുറത്താകാതെ നിന്നു. ടെംബ ബവുമ 23 റണ്‍സോടെയും പുറത്താകാതെ ജയത്തില്‍ പങ്കാളിയായി. 

എയ്ഡന്‍ മാര്‍ക്രം (31), കീഗന്‍ പീറ്റേഴ്‌സന്‍ (28), റസ്സി വാന്‍ ഡെര്‍ ഡസ്സന്‍ (40) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യക്കായി മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഒരോ വിക്കറ്റുകള്‍ നേടി. 

രണ്ട് വിക്കറ്റ് 118 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് നാലാം ദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. വാന്‍ ഡെര്‍ ഡസ്സനെ മുഹമ്മദ് ഷമി മടക്കിയെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ എല്‍ഗാര്‍- ബവുമ സഖ്യം ഇന്ത്യയില്‍ നിന്ന് ജയം തട്ടിയെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com