‘അന്ന് നിങ്ങൾ തന്നെയല്ലേ കൈയടിച്ചത്, ഇങ്ങനെ കളിച്ച് തന്നെയാണ് പന്ത് ഇന്ത്യയെ വിജയിപ്പിച്ചത്‘- പിന്തുണയുമായി മുൻ താരം

‘അന്ന് നിങ്ങൾ തന്നെയല്ലേ കൈയടിച്ചത്, ഇങ്ങനെ കളിച്ച് തന്നെയാണ് പന്ത് അന്നും ഇന്ത്യയെ വിജയിപ്പിച്ചത്‘- പിന്തുണയുമായി മുൻ താരം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് വൻ വിമർശനമാണ് നേരിടുന്നത്. മുൻ താരങ്ങളും ആരാധകരും താരത്തിന്റെ ബാറ്റിങ് ശൈലിയേയും കളിയോടുള്ള സമീപനത്തേയും രൂക്ഷമായി തന്നെയാണ് വിമർശിക്കുന്നത്. അതിനിടെ പന്തിനെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. 

പന്തിന്റെ ആക്രമണോത്സുക ബാറ്റിങ് ശൈലിയെ എല്ലാവരും വിമർശിക്കുന്നുണ്ടെങ്കിലും, ഇന്ത്യയെ ജയിപ്പിച്ച പല ഇന്നിങ്സുകളും പന്ത് കളിച്ചത് ഇതേ ശൈലിയിലാണെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. ഇത്രയും നാൾ പന്തിന്റെ ആക്രമണോത്സുകതയെ പുകഴ്ത്തിയവരാണ് ഇപ്പോൾ കുറ്റം പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൊഹാനാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ 17, 0 എന്നിങ്ങനെയായിരുന്നു പന്തിന്റെ സ്കോറുകൾ. 

ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ട് വിക്കറ്റുകൾ നഷ്ടമായ സമയത്താണ് പന്ത് ക്രീസിലെത്തിയത്. ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ എന്നിവർ പുറത്തായപ്പോഴായിരുന്നു ഇത്. ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് മുന്നേറുന്ന സമയത്ത് ഇരുവരെയും തുടർച്ചയായി നഷ്ടമായതിനു പിന്നാലെ, നേരിട്ട മൂന്നാം പന്തിൽ പന്തും പുറത്തായത് തിരിച്ചടിയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ സമയത്ത് മോശം ഷോട്ട് സെലക്ഷനിലൂടെ പന്ത് പുറത്തായതാണ് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചത്.

‘തീർത്തും ചുരുങ്ങിയ തന്റെ ടെസ്റ്റ് കരിയറിൽ രണ്ട് സുപ്രധാന ഇന്നിങ്സുകൾ കളിച്ച താരമാണ് ഋഷഭ് പന്ത്. ഒന്ന് ഓസ്ട്രേലിയയ്‌ക്കെതിരെയും ഒന്ന് ഇംഗ്ലണ്ടിനെതിരെയും. ആ രണ്ട് ഇന്നിങ്സുകളുടെയും തുടക്കത്തിൽ ഇത്തവണ കണ്ട അതേ ശൈലിയിലാണ് പന്ത് കളിച്ചിരുന്നത്. ഇതാണ് പന്തിന്റെ ശൈലി. ഇങ്ങനെയാണ് പന്ത് കളിക്കുന്നത്. അല്ലാതെ പന്ത് നിരുത്തരവാദപരമായി കളിക്കുന്നതല്ല’.

‘നല്ല ബുദ്ധിയുള്ള താരമാണ് പന്ത്. ഷോർട്ട് ബോ‌ൾ പന്തിന്റെ ദൗർബല്യമാണെന്ന് ചിലർ വിലയിരുത്തിയത് ശ്രദ്ധിച്ചു. അടുത്ത പന്ത് ആക്രമിക്കാമെന്ന ധാരണയിലാകും പന്ത് മൂന്നാം പന്തിൽ ആ ഷോട്ടിന് ശ്രമിച്ചത്. ഇത്തരത്തിൽ ഒരു പന്തിനു പിന്നാലെ അടുത്ത പന്തിൽ ബൗണ്ടറി ലക്ഷ്യമിട്ട് പന്ത് കളിക്കുന്നത് നാം മുൻപ് കണ്ടിട്ടുണ്ട്. ആ പന്തിൽ കൃത്യമായി ബാറ്റു വയ്ക്കാൻ സാധിച്ചാൽ അത് ബൗണ്ടറി കടക്കുന്നതും അങ്ങനെ പന്ത് ക്രീസിൽ ഉറയ്ക്കുന്നതും നാം കണ്ടിട്ടുണ്ട്. ഏറ്റവും മികച്ച രീതിയിൽ പ്രതിരോ‌ധിക്കാനും അറിയാവുന്ന താരമാണ് പന്ത്. പന്തിന് ഷോർട്ട് ബോ‌ളിൽ പ്രത്യേകിച്ച് എന്തെ‌ങ്കിലും ദൗർബല്യമില്ല എന്നതാണ് വസ്തുത’.

‘പന്ത് റിസ്കുള്ള ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ്. ഇത്തരം ഷോട്ടുകൾ കളിച്ച് അദ്ദേഹം മികച്ച ഫലമുണ്ടാക്കിയ സമയത്തെല്ലാം നാം അദ്ദേഹത്തിന് കൈയടിച്ചിട്ടുണ്ട്. അപ്പോ‌ൾ അത്തരം പരീക്ഷണങ്ങൾ വിജയിക്കാത്ത സമയത്തും നാം ഒപ്പം നിൽക്കണം. ഈ ബാറ്റിങ് ശൈലിയുടെ ഒരു പ്രത്യേകതയാണത്’- മഞ്ജരേക്കർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com