സൂറിച്ച്: 2021ലെ ഫിഫയുടെ മികച്ച പുരുഷ, വനിതാ താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ബാലൺ ഡി ഓർ നേടിയ പിഎസ്ജിയുടെ അർജന്റീന താരം ലയണൽ മെസി, ബയേൺ മ്യൂണിക്കിന്റെ പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കി, ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സല എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചവർ.
നിലവിലെ ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാര ജേതാവ് കൂടിയായ ലെവൻഡോസ്‌കി തുടർച്ചയായി രണ്ടാം പുരസ്കാരമാണ് ലക്ഷ്യമിടുന്നത്.
2020-21 സീസണിൽ 48 ഗോളുകൾ അടിച്ചുകൂട്ടിയ ലവൻഡോസ്കി 2021ലെ ബാലൺ ഡി ഓർ വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അർജന്റീനയെ കോപ്പാ അമേരിക്ക കിരീട നേട്ടത്തിലേക്ക് നയിച്ചതാണ് മെസിക്ക് ഇടം നൽകിയത്. കോപ്പ അമേരിക്കയിൽ അർജന്റീനക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത മെസി ബാഴ്‌സലോണക്കായും മികവ് പുറത്തെടുത്തു.
2020-21 പ്രീമിയർ ലീഗ് സീസണിൽ ലിവർപൂളിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സലയെ പരിഗണിക്കാൻ കാരണം. പ്രീമിയർ ലീഗിൽ നിലവിൽ മികച്ച ഫോമിലാണ് സല.
വനിതാ വിഭാഗത്തിന്റെ പട്ടികയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ചെൽസിയുടെ ഓസ്ട്രേലിയൻ താരം സാം കെറാണ് പട്ടികയിലെ പ്രധാനി. 2021ൽ ചെൽസി സൂപ്പർ ലീഗ് കിരീടം നേടാനും ചാംപ്യൻസ് ലീഗ് ഫൈനലിലെത്താനും പ്രധാന പങ്കുവഹിച്ച താരമാണ് കെർ.
ബാഴ്‌സലോണയുടെയും സ്പാനിഷ് ടീമിന്റെയും താരങ്ങളായ ജെന്നിഫർ ഹെർമോസോ, അലക്‌സിയ പുട്ടേലാസ് എന്നിവരും വനിതകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇത്തവണത്തെ വനിതകളുടെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ താരമാണ് പുട്ടേലാസ്. ഈ മാസം 17ന് ഫിഫയുടെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വിജയകളെ പ്രഖ്യാപിച്ച് പുരസ്‌കാരം സമ്മാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates