അഞ്ച് വര്‍ഷത്തിന് ശേഷം ടെസ്റ്റ് വിക്കറ്റ്, അവസാന നിമിഷങ്ങളില്‍ ആവേശം നിറച്ച് സ്മിത്തിന്റെ ബൗളിങ്‌

അഞ്ചാം ദിനം അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷകള്‍ സ്മിത്ത് തകര്‍ക്കുമെന്ന് തോന്നിച്ചു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സിഡ്‌നി: അഞ്ച് വര്‍ഷത്തിന് ശേഷം ടെസ്റ്റില്‍ വിക്കറ്റ് വീഴ്ത്തി സ്റ്റീവ് സ്മിത്ത്. സിഡ്‌നി ടെസ്റ്റിന്റെ അഞ്ചാം ദിനം അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷകള്‍ സ്മിത്ത് തകര്‍ക്കുമെന്ന് തോന്നിച്ചു. 

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് നില്‍ക്കുമ്പോഴാണ് സ്മിത്തിന്റെ കൈകളിലേക്ക് ക്യാപ്റ്റന്‍ കമിന്‍സ് പന്ത് നല്‍കിയത്. കളി അവസാനിക്കാന്‍ മൂന്ന് ഓവര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ രണ്ട് ഭാഗത്ത് നിന്നും ഓസ്‌ട്രേലിയ സ്പിന്‍ ആക്രമണത്തിന് ശ്രമിക്കുകയായിരുന്നു. 

സ്മിത്തിന്റെ ഓവറിലെ ആദ്യ അഞ്ച് ഡെലിവറിയും അതിജീവിക്കാന്‍ ജാക്ക് ലീച്ചിന് കഴിഞ്ഞു. എന്നാല്‍ അവസാനത്തെ ഡെലിവറിയില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പില്‍ ഡേവിഡ് വാര്‍ണറുടെ കൈകളിലേക്ക് എത്തി. സ്മിത്തിന്റെ ടെസ്റ്റിലെ 18ാമത്തെ വിക്കറ്റാണ് ഇത്. 

2016 നവംബറിലാണ് ടെസ്റ്റില്‍ അവസാനമായി സ്മിത്ത് വിക്കറ്റ് വീഴ്ത്തിയത്. സൗത്ത് ആഫ്രിക്കയുടെ വെര്‍നന്‍ ഫിലാന്‍ഡറായിരുന്നു അന്ന് ഇര. സിഡ്‌നിയില്‍ സ്മിത്ത് ലീച്ചിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ഓസ്‌ട്രേലിയക്ക് കളി ജയിക്കാന്‍ ഒരു വിക്കറ്റ് കൂടി മതി എന്ന അവസ്ഥയായി. എന്നാല്‍ പത്താം വിക്കറ്റ് പിഴുതെറിയാന്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com