പാരിസ്: വാക്‌സിനെടുക്കാതെ ഫ്രഞ്ച് ഓപ്പണ്‍ കളിക്കാനെത്തിയാല്‍ ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിചിന് ഫ്രാന്‍സ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ് സ്ലാം പോരാട്ടമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തിയ ജോക്കോവിചിനെ വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് തന്നെ തിരിച്ചയച്ചിരുന്നു. പിന്നാലെയാണ് വാക്‌സിന്‍ നയം വ്യക്തമാക്കി ഫ്രാന്‍സ് രംഗത്തെത്തിയത്.
രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും പൊതു ഇടങ്ങളില്‍ പ്രവേശനം. റസ്റ്റോറന്റുകള്‍, കഫേകള്‍, സിനിമ തിയേറ്ററുകള്‍, ദീര്‍ഘ ദൂര ട്രെയിനുകള്‍ തുടങ്ങി ആളുകള്‍ കൂടുന്ന സ്ഥലളില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ പ്രവേശനം നല്‍കേണ്ടതുള്ളു എന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പാര്‍ലമെന്റ് നിയമം പാസാക്കിയിരുന്നു.
'കാര്യങ്ങള്‍ വളരെ ലളിതമാണ്. എല്ലായിടങ്ങളിലും വാക്‌സിന്‍ പാസ് നിര്‍ബന്ധമാക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയമം തുടരും. സാധാരണക്കാരനും പ്രൊഫഷണല്‍ കായിക താരങ്ങള്‍ക്കും എല്ലാം നിയമം ബാധകമാണ്. ഒരാളും ഇളവ് പ്രതീക്ഷിക്കേണ്ടതില്ല.'
'ഫ്രഞ്ച് ഓപ്പണ്‍ മെയ് മാസത്തിലാണ് അരങ്ങേറുന്നത്. അപ്പോള്‍ റോളണ്ട് ഗാരോസിലടക്കം സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി എന്നും വരാം. പക്ഷേ വാക്‌സിന്‍ നയത്തില്‍ ഒരിളവും പ്രതീക്ഷിക്കേണ്ടതില്ല'- ഫ്രഞ്ച് കായിക മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ജോക്കോവിചിന്റെ പേര് പറഞ്ഞില്ലെങ്കിലും താരത്തിനുള്ള മുന്നറിയിപ്പെന്ന നിലയില്‍ തന്നെയാണ് കായിക മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തിയതിന് പിന്നാലെ വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ ജോക്കോയെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ത്ത് രാജ്യത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജോക്കോവിച്ചിനെ ഓസ്ട്രേലിയ തടഞ്ഞത്. കോവിഡ് വാക്സിന്‍ സ്വീകരിക്കാതെ ജോക്കോവിച്ച് എത്തിയാല്‍ തടയും എന്ന് താരം വരുന്നതിന് മുന്‍പ് തന്നെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മോറിസന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ തന്റെ പക്കല്‍ മെഡിക്കല്‍ രേഖകള്‍ ഉണ്ടെന്നായിരുന്നു ജോക്കോവിച്ചിന്റെ അവകാശവാദം. ഓസ്ട്രേലിയയില്‍ എത്തിയ ജോക്കോവിച്ചിനെ തടഞ്ഞെങ്കിലും വിസ റദ്ദാക്കിയ നടപടി കോടതി റദ്ദാക്കി. എന്നാല്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് രണ്ടാമതും ജോക്കോവിച്ചിന്റെ വിസ റദ്ദാക്കുകയായിരുന്നു. പൊതുതാത്പര്യം പരിഗണിച്ചാണ് ഇതെന്നാണ് ഇമിഗ്രേഷന്‍ മന്ത്രാലയം വ്യക്തമാക്കിയത്. ഇതിനെ ചോദ്യം ചെയ്ത ജോക്കോവിച്ചിന്റെ അപ്പീലും കോടതി തള്ളിയതോടെ താരത്തിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
തന്റെ പത്താം ഓസ്ട്രേലിയന്‍ ഓപ്പണും 21ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണ് നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് ഇവിടെ ലക്ഷ്യം വെച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡ്രോയില്‍ ഒന്നാം നമ്പര്‍ സീഡായി ജോക്കോവിച്ചിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. സെര്‍ബിയയുടെ തന്നെ കെച്മനോവിച്ചിനെയാണ് ജോക്കോവിച്ച് ആദ്യ റൗണ്ടില്‍ നേരിടേണ്ടിയിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates