എന്തുകൊണ്ട് നാലാം സ്ഥാനത്തേക്ക് പ്രൊമോഷന്‍; ടീമിന്റെ തന്ത്രം പറഞ്ഞ് ഋഷഭ് പന്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2022 12:48 PM  |  

Last Updated: 22nd January 2022 12:57 PM  |   A+A-   |  

pant

ഫോട്ടോ: ട്വിറ്റർ


പാള്‍: തന്റെ ഷോട്ട് സെലക്ഷനെ കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ ടീമിനുള്ളില്‍ നടന്നിരുന്നതായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. രണ്ടാം ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 85 റണ്‍സ് കണ്ടെത്തിയതിന് പിന്നാലെയാണ് പന്തിന്റെ പ്രതികരണം. 

ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്നതിനെ കുറിച്ച് പോസിറ്റീവ് ചര്‍ച്ചകള്‍ നടക്കാറുണ്ട്. എല്ലാ ഷോട്ടുകളും എന്റെ പക്കലുണ്ട്. എന്നാല്‍ അതെല്ലാം എങ്ങനെ ക്ഷമയോടും സാഹചര്യത്തിന് ഇണങ്ങുന്ന വിധവും കളിക്കാം എന്നതാണ് വിഷയം, പന്ത് പറയുന്നു. 

ടീമിനുള്ളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെല്ലാം കളിയില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. മധ്യഓവറുകളില്‍ ഇടംകയ്യന്‍ ബാറ്റ്‌സ്മാന് കളിക്കാനായാല്‍ സ്‌ട്രൈക്ക് കൈമാറാന്‍ അത് എളുപ്പമാവും എന്ന് വിലയിരുത്തിയാണ് എന്നെ നാലാം സ്ഥാനത്ത് ഇറക്കിയത്. 

ലെഗ് സ്പിന്നറോ ഇടംകയ്യന്‍ സ്പിന്നറോ ഉണ്ടെങ്കില്‍ മധ്യനിരയില്‍ ഇടംകൈ-വലംകൈ കോമ്പിനേഷനില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് റണ്‍സ് കണ്ടെത്താനാവും. തിരിച്ചടികളില്‍ നിന്ന് പാഠം പഠിച്ചാണ് ടീം മുന്‍പോട്ട് പോകുന്നത് എന്നും പന്ത് പറഞ്ഞു. രണ്ട് ഏകദിനത്തിലേയും ശാര്‍ദുലിന്റെ ബാറ്റിങ് വലിയ പോസിറ്റീവാണെന്നും പന്ത് ചൂണ്ടിക്കാണിച്ചു. 

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്‍ ആശങ്ക ഇല്ലെന്നും പന്ത് പറഞ്ഞു. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് നമ്മള്‍ ഏകദിനം കളിക്കുന്നത്. അതിനാല്‍ താളം കണ്ടെത്താന്‍ സമയം പിടിക്കുമെന്നും പന്ത് പറഞ്ഞു.