'ഏഷ്യന്‍ ഗെയിംസ് ജയിക്കണം, പാരിസ് ഒളിംപിക്‌സിന് യോഗ്യതയും നേടണം'- ലക്ഷ്യം വ്യക്തമാക്കി പിആര്‍ ശ്രീജേഷ്

'ഏഷ്യന്‍ ഗെയിംസ് ജയിക്കണം, പാരിസ് ഒളിംപിക്‌സിന് യോഗ്യതയും നേടണം'- ലക്ഷ്യം വ്യക്തമാക്കി പിആര്‍ ശ്രീജേഷ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനൊപ്പം ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് പോരാട്ടം വിജയിച്ച് പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടുകയാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി വെറ്ററന്‍ താരവും മലയാളി ഗോള്‍ കീപ്പറുമായി പിആര്‍ ശ്രീജേഷ്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് അടക്കം നിരവധി നിര്‍ണായക ടൂര്‍ണമെന്റുകളാണ് ടീമിനെ കാത്തിരിക്കുന്നത്. യുവ താരങ്ങള്‍ക്ക് മികവ് അടയാളപ്പെടുത്താനുള്ള അവസരമാണ് മുന്നില്‍. അടുത്ത മാസം തുടങ്ങാനിരിക്കുന്ന എഫ്‌ഐഎച് പ്രോ ലീഗോടെയാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. 

'ഒരോ ഒളിംപിക്‌സ് കഴിയുമ്പോഴും അടുത്ത നാല് വര്‍ഷത്തേയ്ക്കുള്ള പദ്ധതികളാണ് ടീം ആവിഷ്‌കരിക്കാറുള്ളത്. ടോക്യോ ഒളിംപിക്‌സിന് ശേഷം ടീം പാരിസ് ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. പാരിസ് ലക്ഷ്യമിട്ട് നിരവധി മാറ്റങ്ങളാണ് ടീമില്‍ വരുത്തുന്നത്. ഒട്ടേറെ പുതുമുഖങ്ങള്‍ ടീമിലേക്ക് കടന്നുവരുന്നുണ്ട്. യുവ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനാണ് അവരെ ടീമിലേക്ക് പരിഗണിക്കുന്നത്.' 

'പ്രോ ലീഗോടെയാണ് ഈ വര്‍ഷത്തെ ടീമിന്റെ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. പിന്നാലെയാണ് ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും വരുന്നത്. ഏതാണ്ട് 16 മത്സരങ്ങളാണ് ടീം ഈ ഘട്ടത്തില്‍ കളിക്കുന്നത്. യുവ താരങ്ങളെ പരീക്ഷിക്കാനും അവര്‍ക്ക് അവസരങ്ങള്‍ നല്‍കാനുമുള്ള വേദിയാണ് ഇതെല്ലാം. സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ യുവാക്കള്‍ക്ക് അവസരം നല്‍കുമ്പോള്‍ അവര്‍ക്ക് ഒരുപാട് പഠിക്കാന്‍ സാധിക്കും.' 

'ഞങ്ങളുടെ ആദ്യ ലക്ഷ്യം പാരിസിലേക്ക് യോഗ്യത നേടുക എന്നതാണ്. ഏഷ്യന്‍ ഗെയിംസും ലോകകപ്പ് പോരാട്ടങ്ങളും മുന്നിലുണ്ട്. ടീമിന്റെ ഇപ്പോഴത്തെ കളിയും പരിശീലന രീതിയും മികച്ചതാണ്. ഞങ്ങള്‍ പുതിയ തന്ത്രങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ലോകകപ്പില്‍ നാലാം സ്ഥാനത്തെങ്കിലും ഫിനിഷ് ചെയ്യുക എന്നതാണ് ടീമിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം'- ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com