മഡ്ഗാവ്: നാളെ ബംഗളൂരു എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പോരാട്ടത്തിന് താരങ്ങൾ തികയുമോ എന്നതിൽ ആശങ്കയുമായി പരിശീലകൻ ഇവാൻ വുകോമനോവിച്. താരങ്ങളെല്ലാം ക്വാറന്റൈനിലായിരുന്നു. അവർക്ക് കഴിഞ്ഞ ദിവസം വരെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ലെന്നും പരിശീലകൻ പറയുന്നു. മാധ്യമങ്ങളെ കണ്ടപ്പോഴാണ് വുകോമനോവിച്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
താരങ്ങൾക്കും പരിശീലകനടക്കമുള്ളവർക്കും കോവിഡ് ബാധിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. ഞായറാഴ്ച ബെംഗളൂരുവുമായി മത്സരമുണ്ടെങ്കിലും താരങ്ങളെല്ലാം തന്നെ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്നും വുകോമനോവിച്ച് ചൂണ്ടിക്കാട്ടി.
'നാളെ കബഡി കളിക്കാനാണെങ്കിൽ ഏഴോ എട്ടോ കളിക്കാരെ അണിനിരത്താം. എന്നാൽ ഫുട്‌ബോൾ കളിക്കാനാവശ്യമായ താരങ്ങൾ ഇപ്പോഴില്ല. കഴിഞ്ഞ 15 ദിവസത്തിനിടെ ഇന്നലെ മാത്രമാണ് പുറത്തിറങ്ങാനായത്. ടീമിലെ ബാക്കിയുള്ളവരുടെ നിലവിലെ അവസ്ഥ അറിയില്ല. നാളെ ബംഗളൂരുവിനെതിരേ ടീമിനെ കളത്തിലിറക്കാൻ സാധിക്കുമോ എന്നറിയില്ല'.
'ഞങ്ങൾ കളിക്കാൻ തയ്യാറാണോ എന്നതൊന്നും ആരും തന്നെ കാര്യമാക്കുന്നില്ല. കളിക്കേണ്ടി വന്നാൽ എങ്ങനെയെങ്കിലും ഞങ്ങളുടെ 100 ശതമാനവും നൽകാൻ ശ്രമിക്കും. എന്നാൽ അതൊരു ഫുട്‌ബോൾ മത്സരത്തെ പോലെ തോന്നുമോ എന്നൊന്നും ഞങ്ങൾക്കറിയില്ല'.
ഐഎസ്എൽ ബയോ ബബിളിനെതിരേയും പരിശീലകൻ വിമർശിച്ചു. 'ആഡംബര തടവറ പോലെയാണിത്. ഐഎസ്എൽ അധികൃതർ അവരുടെ ചുമതല നിർവഹിക്കുന്നുണ്ട്. ബയോ ബബിൾ സുരക്ഷിതമായിരിക്കുമെന്ന് അവർ പറഞ്ഞു. കളിക്കാരും ടീം ഒഫീഷ്യൽസും എല്ലാ നിബന്ധനകളും പാലിച്ചിട്ടും ബയോ ബബിൾ തകർന്നു. എല്ലാവരും രോഗബാധിതരാകുകയും ചെയ്തു. എന്നിട്ടും ലീഗ് കഴിയുന്നത് വരെ ഇവിടെ തുടരേണ്ട അവസ്ഥയാണ്.'
പ്രൊഫഷണൽസ് ആയതുകൊണ്ട് ഐഎസ്എൽ ആവശ്യപ്പെട്ടാൽ കളിക്കും. എന്നാൽ അവർക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഒഡിഷയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഒഡിഷ ക്യാമ്പിൽ കോവിഡ് കേസുകൾ ഉണ്ടായിരുന്നു. അതറിഞ്ഞിട്ടും കളിയുമായി മുന്നോട്ടു പോയി. അക്കാരണത്താൽ തന്നെ ചങ്ങല പോലെ എല്ലാവരും രോഗബാധിതരായി. അത്തരം പിഴവുകൾ സംഭവിക്കരുതായിരുന്നു'- വുകോമനോവിച്ച് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates