ശ്രീലങ്കയെ 'വൈറ്റ്‌വാഷ്' അടിച്ച് ഇന്ത്യ; വനിതാ ഏകദിന പരമ്പര തൂത്തുവാരി

ഓപ്പണര്‍ സ്മൃതി മന്ധാന ആറ് റണ്‍സുമായി തുടക്കത്തില്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഷെഫാലി വര്‍മ, യസ്തിക ഭാടിയ  സഖ്യം മികച്ച ബാറ്റിങുമായി നിറഞ്ഞു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

പല്ലെക്കീല്‍: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. മൂന്നാം മത്സരത്തില്‍ 39 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനിതകളുടെ വൈറ്റ്‌വാഷ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് കണ്ടെത്തിയപ്പോള്‍ ശ്രീലങ്കന്‍ വനിതകളുടെ പോരാട്ടം 47.3 ഓവറില്‍ 216 റണ്‍സില്‍ അവസാനിച്ചു. 

നിലാക്ഷി ഡി സില്‍വയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. താരം 48 റണ്‍സുമായി പുറത്താകാതെ നിന്നു. 44 റണ്‍സെടുത്ത ചമരി അട്ടപ്പട്ടു, 39 റണ്‍സെടുത്ത ഹസിനി പെരേര എന്നിവരും തിളങ്ങി. മറ്റൊരാള്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 

ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‌വാദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മേഘ്‌ന സിങ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദീപ്തി ശര്‍മ, ഹര്‍മന്‍പ്രീത്, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. കൂട്ടത്തകര്‍ച്ചയിലേക്ക് പോയ ഇന്ത്യന്‍ ഇന്നിങ്‌സിനെ അര്‍ധ സെഞ്ച്വറികള്‍  നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പൂജ വസ്ത്രാകറും ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 

ഓപ്പണര്‍ സ്മൃതി മന്ധാന ആറ് റണ്‍സുമായി തുടക്കത്തില്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഷെഫാലി വര്‍മ, യസ്തിക ഭാടിയ  സഖ്യം മികച്ച ബാറ്റിങുമായി നിറഞ്ഞു. സ്‌കോര്‍ 89ല്‍ നില്‍ക്കേ യസ്തിക മടങ്ങിയതോടെ ഇന്ത്യയുടെ വിക്കറ്റും കൊഴിയാന്‍ തുടങ്ങി. 

ഷെഫാലി 49 റണ്‍സും  യസ്തിക 30 റണ്‍സുമായി മടങ്ങി. പിന്നാലെ ഹര്‍ലീന്‍ ഡിയോള്‍ (1), ദീപ്തി ശര്‍മ (4) എന്നിവരും കൂടാരം കയറി. ആറാമതായി ഹര്‍മന്‍പ്രീത് ക്രീസില്‍. അതിനിടെ റിച്ച ഘോഷ് (2) ന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടം. 

പിന്നീട് പൂജ വസ്ത്രാകര്‍ എത്തിയതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. 

ഹര്‍മന്‍പ്രീത് 88 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 75 റണ്‍സെടുത്ത് മടങ്ങി. പൂജ 65 പന്തില്‍ മൂന്നി സിക്‌സുകള്‍ സഹിതം 56 റണ്‍സുമായി പുറത്താകാതെ നിന്നു. മേഘ്‌ന സിങ് (8), രേണുക സിങ് (9) എന്നിവരും പുറത്തായി. രാജേശ്വര്‍ ഗെയ്ക്‌വാദ് മൂന്ന് റണ്‍സുമായി ക്രീസില്‍ തുടര്‍ന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com