'2 മാസം വിശ്രമമില്ലാതെ ഐപിഎല്‍ കളിക്കും, രാജ്യത്തിന് വേണ്ടി പറ്റില്ല'; സീനിയര്‍ താരങ്ങള്‍ക്കെതിരെ ഗാവസ്‌കര്‍

ഐപിഎല്ലില്‍ വിശ്രമം ഇല്ലാതെ രണ്ട് മാസം കളിക്കാന്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് വേണ്ടി എന്തുകൊണ്ട് ഇതിനാവുന്നില്ല?
വിരാട് കോഹ്‌ലി,രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി,രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: സീനിയര്‍ താരങ്ങള്‍ വിശ്രമം എടുക്കുന്നതിനെതിരെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. ഐപിഎല്ലില്‍ വിശ്രമം ഇല്ലാതെ രണ്ട് മാസം കളിക്കാന്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് വേണ്ടി എന്തുകൊണ്ട് ഇതിനാവുന്നില്ലെന്ന് ഗാവസ്‌കര്‍ ചോദിച്ചു. 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് വിശ്രമം വേണമെന്ന് കോഹ് ലി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏകദിന പരമ്പരയില്‍ നിന്ന് നേരത്തെ തന്നെ കോഹ് ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. 

ഇതിനോട് എനിക്ക് യോജിക്കാനാവില്ല. ഐപിഎല്‍ കളിക്കുന്ന സമയം നിങ്ങള്‍ ഇടവേള എടുക്കില്ല. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് വിശ്രമം വേണം. ഇതിലെ യുക്തി എനിക്ക് മനസിലാവുന്നില്ല. നിങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിക്കണം. വിശ്രമം ഇടവേള എന്നൊന്നും പറഞ്ഞിരിക്കരുത്. 20 ഓവര്‍ മാത്രമാണ് ട്വന്റി20. അത് നിങ്ങളുടെ ശരീരത്തിന് അധികം ഭാരം നല്‍കുന്നില്ല, ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. 

രോഹിത് സ്‌കോര്‍ ചെയ്യാത്തപ്പോള്‍ മിണ്ടാട്ടമില്ല

വിരാട് കോഹ് ലിയുടെ ഫോം ഇല്ലായ്മയിലേക്ക് ചൂണ്ടുന്നവര്‍ രോഹിത് ശര്‍മയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുന്നതിനെതിരേയും ഗാവസ്‌കര്‍ പ്രതികരിച്ചു രോഹിത് സ്‌കോര്‍ ചെയ്യാത്തപ്പോള്‍ ആരും അതിനെ കുറിച്ച് സംസാരിക്കാത്തത് എന്തെന്ന് തനിക്ക് മനസിലാവുന്നില്ലെന്നാണ് ഗാവസ്‌കര്‍ പ്രതികരിച്ചത്. 

രോഹിത്തിന്റെ കാര്യത്തില്‍ മാത്രമല്ല. മറ്റ് കളിക്കാര്‍ ഫോമിലല്ലാതെ വരുമ്പോഴും ഇങ്ങനെയാണ്. ഫോം താത്കാലികമാണ്. ക്ലാസ് സ്ഥിരവും. ട്വന്റി20 ക്രിക്കറ്റിന്റെ രീതി നോക്കുക. ആദ്യ പന്ത് മുതല്‍ ബാറ്റ് സ്വിങ് ചെയ്യിക്കണം. അവിടെ ജയിക്കാം, അല്ലെങ്കില്‍ പരാജയപ്പെടാം, ഗാവസ്‌കര്‍ പറയുന്നു. 

ശരിയായ സമയത്താണ് ഏകദിന പരമ്പര വരുന്നത്. കോഹ് ലിയുടെ സ്വതസിദ്ധമായ ശൈലിക്ക് ഇണങ്ങുന്നതാണ് ഏകദിനം. ടെസ്റ്റിലേത് പോലെ ഏകദിനത്തിലും നിലയുറപ്പിക്കാന്‍ സമയം ലഭിക്കും. ട്വന്റി20 ലോകകപ്പിന് ഇനിയും സമയമുണ്ട്. കളിക്കാരുടെ ഫോം നോക്കിയാണ് ടീമിനെ സെലക്ട് ചെയ്യേണ്ടത്. ഇവിടെ പേടിക്കേണ്ട കാര്യമൊന്നുമില്ല. കുറച്ച് സമയം നല്‍കുക മാത്രമാണ് ചെയ്യേണ്ടത് എന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. 

അതിനിടെ കോഹ്‌ലിയുടെ ഫോമില്ലായ്മ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തി. പുറത്ത് നിന്ന് ആളുകള്‍ അഭിപ്രായം പറയുന്നത് ഞങ്ങളെ ബാധിക്കുന്ന കാര്യമേയല്ല. ഈ വിദഗ്ധര്‍ ആരാണ്? എന്തിനാണ് അവരെ അങ്ങനെ വിളിക്കുന്നത് എന്നൊന്നും എനിക്കറിയില്ല. കോഹ് ലിയുടെ ഫോം സംബന്ധിച്ച് ടീമിന് ഒരു കാഴ്ച്ചപ്പാടുണ്ടെന്നും അത് അനുസരിച്ച് മുന്‍പോട്ട് പോകുമെന്നും രോഹിത് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com