കൊളംബോ: ഭരണ പ്രതിസന്ധിയും കലാപവും ശ്രീലങ്കൻ ജനതയുടെ ജീവിതം ദുഃസഹമാക്കി തുടരുകയാണ്. സർവ മേഖലയെയും പ്രതിസന്ധി കാര്യമായി തന്നെ ബാധിച്ചുവെന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ക്രിക്കറ്റ് താരങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 2019ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശ്രീലങ്കൻ താരം ചമിക കരുണരത്നെ രാജ്യത്തെ പ്രതിസന്ധിയിൽ അസ്വസ്ഥനാണ്.
മണിക്കൂറുകൾ ക്യൂ നിന്നു കരുണരത്നെ കാറിൽ പെട്രോൾ നിറയ്ക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ദുരിതത്തിലൂടെയാണു കടന്നു പോകുന്നതെന്നു കരുണരത്നെ പറയുന്നു. ഇന്ധന ക്ഷാമം രൂക്ഷമായതാണു കാര്യങ്ങൾ തകിടം മറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘രണ്ട് ദിവസമായി പമ്പിനു മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കുകയാണ്. ഭാഗ്യത്തിന് ഇന്നു കാറിൽ ഇന്ധനം നിറയ്ക്കാനായി. കടുത്ത ഇന്ധന ക്ഷാമം തുടരുന്നതിനാൽ ക്രിക്കറ്റ് പരിശീലനത്തിനു പോകാൻ പോലും സാധിക്കുന്നില്ല. എന്താണ് സംഭവിക്കുന്നതെന്നു മനസിലാകുന്നില്ല.‘
‘ഏഷ്യാ കപ്പും ലങ്ക പ്രീമിയർ ലീഗും (എൽപിഎൽ) ഈ വർഷമുണ്ട്. എനിക്കു കൊളംബോയിലേക്കും മറ്റിടങ്ങളിലേക്കു പരിശീലനത്തിനായി പോകണം, ക്ലബുകളിലും മത്സരിക്കണം. പക്ഷേ, ഇന്ധന ക്ഷാമം കാരണം എങ്ങോട്ടും പോകാനാകുന്നില്ല. രണ്ട് ദിവസമായി ഇവിടെത്തന്നെയാണ്. പെട്രോളിനായി നീണ്ട ക്യൂവിൽ നിൽക്കുന്നു. 10,000 രൂപ ചെലവാക്കിയാൽ രണ്ടോ, മൂന്നോ ദിവസത്തേക്കു മാത്രമേ തികയൂ. ശ്രീലങ്കൻ ടീം ഏഷ്യാ കപ്പിനായി ഒരുങ്ങിയിരിക്കുകയാണ്. മതിയായ ഇന്ധനം തന്നു രാജ്യം സഹായിക്കണം.’
‘ഇപ്പോൾ കാര്യങ്ങൾ ശരിയായ രീതിയിലല്ല പോകുന്നത്. ശരിയായ നേതൃത്വത്തെ ജനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നല്ലതു സംഭവിക്കുമെന്നാണു പ്രതീക്ഷ. രാജ്യാന്തര പിന്തുണയും ആവശ്യമാണ്’– രാജ്യത്തെ പ്രതിസന്ധിയെക്കുറിച്ചു കരുണരത്നെ അഭിപ്രായപ്പെട്ടു.
സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പ്രക്ഷോഭകർക്കൊപ്പം ശ്രീലങ്കൻ ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയും പങ്കുചേർന്നിരുന്നു. ഇതിഹാസങ്ങളായ കുമാർ സംഗക്കാര, മഹേല ജയവർധനെ എന്നിവരും പ്രതിഷേധക്കാർക്കു പിന്തുണയുമായി രംഗത്തെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക