കെ എല്‍ രാഹുല്‍ ക്യാപ്റ്റന്‍? സിംബാബ്‌വെക്ക്‌ എതിരെ കോഹ്‌ലിയും കളിച്ചേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 01:20 PM  |  

Last Updated: 21st July 2022 01:31 PM  |   A+A-   |  

rahul

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: സിംബാബ്‌വെക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിച്ചേക്കും. ഫോം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോഹ് ലിയും സിംബാബ് വെക്ക് എതിരെ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓഗസ്റ്റ് 18നാണ് സിംബാബ്വെക്ക് എതിരായ ആദ്യ ഏകദിനം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സിംബാബ് വെ പര്യടനത്തില്‍ നിന്ന് വിശ്രമം നല്‍കിയേക്കും. ഐപിഎല്ലിന് ശേഷം പരിക്കിനെ തുടര്‍ന്ന് രാഹുല്‍ മാറി നില്‍ക്കുകയാണ്. വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമില്‍ രാഹുല്‍ ഉള്‍പ്പെട്ടെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമാവും കളിക്കുക. 

ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് കോഹ് ലി. ഇംഗ്ലണ്ടില്‍ 6 ഇന്നിങ്‌സിലുമായി സ്‌കോര്‍ 100 കടത്താന്‍ കോഹ് ലിക്ക് കഴിഞ്ഞിരുന്നില്ല. വിന്‍ഡിസിന് എതിരായ ഏകദിന, ട്വന്റി20യില്‍ നിന്ന് മാറി നില്‍ക്കുന്ന കോഹ് ലി ഓഗസ്റ്റ് ഒന്നോടെ പരിശീലനം ആരംഭിക്കും. ഏഷ്യാ കപ്പിന് മുന്‍പ് ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കോഹ് ലി സിംബാബ്വെയിലും കളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനും സിംബാബ്വെക്ക് എതിരായ ഏകദിന ടീമില്‍ ഇടം നേടാനായേക്കും. വിന്‍ഡിസിനെതിരായ ഏകദിന ടീമില്‍ സഞ്ജുവുണ്ട്. എന്നാല്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചേക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

'മോഡലായി മാറാം, കോടികള്‍ സമ്പാദിക്കാം, ഭാരം കുറച്ചാല്‍ മതി'; ഋഷഭ് പന്തിനോട് അക്തര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ