'പ്ലീസ്, ക്രിസ്റ്റ്യാനോയെ ടീമിലെടുക്കു'- ചെല്‍സിയോട് അപേക്ഷിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍!
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th July 2022 05:30 PM |
Last Updated: 25th July 2022 05:30 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ലണ്ടന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ ഭാവി അനിശ്ചിതത്വത്തില്‍ തന്നെ നില്‍ക്കുകയാണ്. ടീമിലേക്ക് മടങ്ങിയെത്തുമോ മറ്റൊരു ടീമിലേക്ക് പോകുമോ എന്നതൊന്നും ഇപ്പോഴും വ്യക്തമല്ല. നേരത്തെ ബയേണ്‍ മ്യൂണിക്കും ചെല്‍സിയും താരത്തിനായി രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും രണ്ട് ടീമുകളും ഇക്കാര്യം നിഷേധിച്ചതോടെ ആ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. തന്റെ ഭാവി സംബന്ധിച്ച് ക്രിസ്റ്റ്യാനോയും മനസ് തുറന്നിട്ടില്ല.
അതിനിടെ ശ്രദ്ധേയമായൊരു ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ കൗതുകത്തോടെ നോക്കുന്നത്. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ ചെല്‍സിയോട് അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തതാണ് ശ്രദ്ധ നേടുന്നത്.
'ദയവായി ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കു'- എന്നായിരുന്നു കെപിയുടെ ഒറ്റവരി ട്വീറ്റ്.
Sign @Cristiano please @ChelseaFC
— Kevin Pietersen (@KP24) July 24, 2022
ചെല്‍സി ഫുട്‌ബോള്‍ ക്ലബിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന വ്യക്തിയാണ് പീറ്റേഴ്‌സന്‍. താരത്തിന്റെ ചെല്‍സി ടീമിനോടുള്ള ഇഷ്ടം പ്രസിദ്ധവുമാണ്. മുന്‍ ഇന്ത്യന്‍ താരവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആരാധകനുമായ യുവരാജ് സിങുമായി കെപി സാമൂഹിക മാധ്യമങ്ങളില്‍ രസകരമായി കൊമ്പുകോര്‍ക്കാറുമുണ്ട്.
ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, പാരിസ് സെന്റ് ജെര്‍മെയ്ന്‍ തുടങ്ങി യൂറോപ്പിലെ വമ്പന്‍മാരുടെ പേരിനൊപ്പം കഴിഞ്ഞ കുറച്ച് ദിവസമായി ക്രിസ്റ്റ്യാനോയുടെ പേര് കേള്‍ക്കുന്നുണ്ടായിരുന്നു. യൂറോപ്യന്‍ വമ്പന്‍മാര്‍ ആരും തന്നെ പക്ഷേ ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാന്‍ താത്പര്യം കാണിച്ചില്ല. ചാമ്പ്യന്‍സ് ലീഗ് കളിക്കാനും കിരീടം നേടാനുമുള്ള ആഗ്രഹമാണ് മാഞ്ചസ്റ്ററില്‍ നിന്ന് മാറാന്‍ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
11 അല്ല, ഇനി 12! കരീബിയന്‍ മണ്ണില്‍ പരമ്പര നേട്ടം; പാകിസ്ഥാന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ