കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ വനിതാ ട്വന്റി20 പോര്; ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടാന്‍ ഇന്ത്യ ഇന്നിറങ്ങും

2021 മാര്‍ച്ച് 30ന് ശേഷം ട്വന്റി20യില്‍ തോല്‍വി അറിയാതെ വരുന്ന ഓസ്‌ട്രേലിയക്കെതിരെ ജയം നേടുക ഇന്ത്യക്ക് പ്രയാസമാവും.
സ്മൃതി മന്ദാന/ഫോട്ടോ: എഎഫ്പി
സ്മൃതി മന്ദാന/ഫോട്ടോ: എഎഫ്പി

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ന് ട്വന്റി20 പോരില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായാണ് വനിതാ ട്വന്റി20 ക്രിക്കറ്റ് മത്സര ഇനമാവുന്നത്. 

എഡ്ജ്ബാസ്റ്റണില്‍ ഇന്ന് ട്വന്റി20 ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടുക എന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്‍പിലുള്ളത്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. 1998ലാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി ക്രിക്കറ്റ് മത്സര ഇനമായത്. പുരുഷന്മാരുടെ ഏകദിന മത്സരമായിരുന്നു ഇത്. ഇവിടെ സൗത്ത് ആഫ്രിക്കയാണ് സ്വര്‍ണം നേടിയത്. 

ഓള്‍റൗണ്ടര്‍ പൂജ വസ്ത്രാക്കറിന് കോവിഡ് പോസിറ്റീവായതാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പായി ഇന്ത്യ നേരിട്ട തിരിച്ചടികളിലൊന്ന്. ബാറ്റിങ് നിരയില്‍ താഴെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടാനും ബൗളിങ്ങില്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനും സാധിക്കുന്ന താരമാണ് പൂജ. കോവിഡ് പോസിറ്റീവായിരുന്ന മറ്റൊരു ഇന്ത്യന്‍ താരം എസ് മേഘ്‌ന ബിര്‍മിങ്ഹാമില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. 

ഓസ്‌ട്രേലിയക്കെതിരെ മികച്ച ബാറ്റിങ് ശരാശരിയിലും സ്‌ട്രൈക്ക്‌റേറ്റിലും മുന്‍പില്‍ മന്ദാന

2020 ട്വന്റി20 ലോകകപ്പ് ഫൈനലില്‍ കളിച്ച 8 താരങ്ങള്‍ ഇന്ത്യയുടെ കോമണ്‍വെല്‍ത്തിനുള്ള സംഘത്തിലുമുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാണ്. 22 കളിയില്‍ നിന്ന് 474 റണ്‍സ്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച ബാറ്റിങ് ശരാശരിയിലും സ്‌ട്രൈക്ക്‌റേറ്റിലും മുന്‍പില്‍ മന്ദാനയാണ്.

ഇന്ത്യക്കെതിരെ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള താരങ്ങളാണ് ബെത് മൂണിയും മെഗ് ലാനിങ്ങും ഹീലിയും. 2021 മാര്‍ച്ച് 30ന് ശേഷം ട്വന്റി20യില്‍ തോല്‍വി അറിയാതെ വരുന്ന ഓസ്‌ട്രേലിയക്കെതിരെ ജയം നേടുക ഇന്ത്യക്ക് പ്രയാസമാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com