മുംബൈ: ഐപിഎൽ 15ാം സീസണിൽ ഫൈനൽ വരെ എത്തിയിട്ടും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസന് എതിരെ മുൻ താരങ്ങൾ നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. അതിൽ നിന്നെല്ലാം വേറിട്ട് സഞ്ജുവിന്റെ പ്രകടനത്തിന് മികച്ച മാർക്ക് നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാബ കരീം.
സീസണിൽ സഞ്ജു നിസ്വാർഥമായാണ് കളിച്ചതെന്ന് സാബ കരീം പറയുന്നു. സീസണിൽ 28.62 ബാറ്റിങ് ശരാശരിയിൽ 458 റൺസാണു സഞ്ജുവിന്റെ സമ്പാദ്യം. 146.79 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് ഇത്രയും റൺസ് നേടാനായത് എന്നതു സഞ്ജുവിന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നുവെന്നും സാബ കരീം വ്യക്തമാക്കുന്നു.
ഒരു മാധ്യമത്തിൽ നടത്തിയ ചർച്ചക്കിടെയാണ് സാബ കരീം സഞ്ജുവിന്റെ ആറ്റിറ്റ്യൂട്ടിനെ മുക്തകണ്ഠം പ്രശംസിച്ച് രംഗത്തെത്തിയത്.
‘സ്വയം നവീകരിക്കുകയായിരുന്നു സഞ്ജു ഇത്തവണ. നിസ്വാർഥമായാണ് അദ്ദേഹം സീസണിൽ ഉടനീളം കളിച്ചത്. നിർണായക ഘട്ടങ്ങളിൽ ചിലപ്പോഴൊക്കെ സഞ്ജുവിനു റൺസ് നേടാൻ കഴിഞ്ഞില്ല എന്ന കാര്യം അംഗീകരിക്കുന്നു. പക്ഷേ, അപ്പോഴും ടൈമിങ്ങിലും മറ്റും സഞ്ജു പുലർത്തിയിരുന്ന മികവ് എടുത്തു പറയേണ്ടതാണ്.‘
‘സ്ട്രൈക്ക് റേറ്റ് ഉയർന്ന നിലയിൽ നിർത്തി അതിവേഗം റൺസ് നേടുക എന്നതായിരുന്നു സഞ്ജു സ്വീകരിച്ച തന്ത്രം. ഏറ്റവും മികച്ച ബൗളർമാരെ ആക്രമിക്കാനും സഞ്ജു ശ്രദ്ധിച്ചിരുന്നു. കുറേ മത്സരങ്ങളിൽ സഞ്ജു ഇത് പ്രാവർത്തികമാക്കുകയും ചെയ്തു.‘
‘ക്യാപ്റ്റൻ സ്ഥാനത്തെത്തിയതോടെ സഞ്ജുവിന്റെ ബാറ്റിങ് കൂടുതൽ മെച്ചപ്പെട്ടതായാണ് എന്റെ തോന്നൽ. ബാറ്റിങിന് കൂടുതൽ സ്ഥിരത കൈവന്നിരിക്കുന്നു.‘
‘ജോസ് ബട്‌ലർക്കു ശേഷം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഏറ്റവും അനുയോജ്യൻ സഞ്ജുവാണ്. അങ്ങനെയുള്ള സഞ്ജു അശ്വിനെ ചില മത്സരങ്ങളിൽ തനിക്ക് മുൻപേ ഇറക്കിയത് അദ്ദേഹം വരുത്തിയ പിഴവാണ്. അദ്ദേഹം ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങി കളിച്ചതു ശരിയാണെന്ന് എനിക്കു തോന്നുന്നില്ല’- സാബ കരീം കൂട്ടിച്ചേർത്തു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates