ബാബര്‍ അസമിന്റെ സെഞ്ചുറി, ഖുഷ്ദില്ലിന്റെ കാമിയോ; വിന്‍ഡിസിനെ ചെയ്‌സ് ചെയ്ത് വീഴ്ത്തി പാകിസ്ഥാന്‍

ഖുഷ്ദില്‍ ഷായുടെ തകര്‍പ്പനടിയോടെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സായി ചുരുങ്ങി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മുള്‍ട്ടാന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് തകര്‍പ്പന്‍ ചെയ്‌സിങ് ജയം. വെസ്റ്റ് ഇന്‍ഡീസ് മുന്‍പില്‍ വെച്ച 306 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ ബാബര്‍ അസമിന്റെ സെഞ്ചുറി ബലത്തില്‍ 5 വിക്കറ്റ് കയ്യില്‍ വെച്ച് നാല് പന്തുകള്‍ ശേഷിക്കെ ജയം പിടിച്ചു. 

അവസാന 2 ഓവറില്‍ 21 റണ്‍സാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഖുഷ്ദില്‍ ഷായുടെ തകര്‍പ്പനടിയോടെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സായി ചുരുങ്ങി. അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ ജെയ്ഡന്‍ സീല്‍സിനെ സിക്‌സ് പറത്തി മുഹമ്മദ് നവാസ് കളി ഫിനിഷ് ചെയ്തു. 

107 പന്തില്‍ നിന്നാണ് ബാബര്‍ അസം 103 റണ്‍സ് നേടിയത്. മാന്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ആണ്. എന്നാല്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഖുഷ്ദില്ലിന് ബാബര്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൈമാറി. 

ബാബര്‍ അസം പുറത്താവുന്ന സമയം 69 റണ്‍സ് കൂടിയാണ് ജയത്തിലേക്ക് എത്താന്‍ പാകിസ്ഥാന് വേണ്ടിയിരുന്നത്. കയ്യിലുണ്ടായിരുന്നത് 51 പന്തുകളും. എന്നാല്‍ 23 പന്തില്‍ നിന്ന് ഖുഷ്ദില്‍ 41 റണ്‍സ് അടിച്ചെടുത്തതോടെ കളി മാറി. നാല് സിക്‌സും ഒരു ഫോറുമാണ് ഖുഷ്ദില്ലിന്റെ ബാറ്റില്‍ നിന്ന് വന്നത്. 47ാം ഓവറില്‍ റൊമാരിയോ ഷെഫേര്‍ഡിനെ ഖുഷ്ദില്‍ തുടരെ മൂന്ന് വട്ടം സിക്‌സ് പറത്തി. പാകിസ്ഥാന് വേണ്ടി ഇമാം ഉള്‍ ഹഖും മുഹമ്മദ് റിസ്വാനും അര്‍ധ ശതകം കണ്ടെത്തി. രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് 103 റണ്‍സ് കണ്ടെത്തി. പിന്നാലെ റിസ്വാനൊപ്പം നിന്ന് ബാബര്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടും ഉയര്‍ത്തി. 

നേരത്തെ, ഷായ് ഹോപ്പിന്റെ സെഞ്ചുറിയുടേയും ബ്രൂക്‌സിന്റെ അര്‍ധ ശതകത്തിന്റേയും ബലത്തിലാണ് വിന്‍ഡിസ് സ്‌കോര്‍ മൂന്നൂറിന് മുകളിലെത്തിച്ചത്. 134 പന്തില്‍ നിന്നാണ് ഹോപ്പ് 127 റണ്‍സ് എടുത്തത്. ബ്രൂക്‌സ് 83 പന്തില്‍ നിന്ന് 70 റണ്‍സും. നിക്കോളാസ് പൂരന്‍ 16 പന്തില്‍ നിന്ന് 21 റണ്‍സും റോവ്മാന്‍ പവല്‍ 32 റണ്‍സും എടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com