'രഞ്ജി ട്രോഫിയിലെ അലക്‌സ് ഫെര്‍ഗൂസന്‍!'- പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിനെ പുകഴ്ത്തി കാര്‍ത്തിക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2022 06:29 PM  |  

Last Updated: 10th November 2022 10:59 AM  |   A+A-   |  

chandrakanth

ചിത്രം: ട്വിറ്റർ

 

ബംഗളൂരു:  മുംബൈയെ തകര്‍ത്ത് ചരിത്രത്തിലാദ്യമായി മധ്യപ്രദേശ് രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയതിന് പിന്നില്‍ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന് നിര്‍ണായക പങ്കുണ്ട്. മുംബൈയ്ക്ക് എതിരെ ആറ് വിക്കറ്റിനാണ് മധ്യപ്രദേശിന്റെ ജയം. 

ഇപ്പോഴിതാ ചന്ദ്രകാന്ത് പണ്ഡിറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. രഞ്ജി ട്രോഫിയിലെ അലക്‌സ് ഫെര്‍ഗൂസന്‍ എന്നാണ് ചന്ദ്രകാന്ത് പണ്ഡിറ്റിനെ ഡികെ വിശേഷിപ്പിച്ചത്. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് താരത്തിന്റെ അഭിനന്ദനം. 

'അത്ഭുതകരം. പക്ഷേ ചന്തു സാര്‍ ഇതുകൊണ്ടും തൃപ്തനാകില്ല. താരങ്ങളെ വ്യക്തിപരമായി ഉള്‍ക്കൊള്ളുന്നു. അതിനനുസരിച്ച് അവരെ തയ്യാറാക്കുന്നു. ചാമ്പ്യന്‍ഷിപ്പുകള്‍ നേടാന്‍ അവരെ തന്ത്രപരമായി ഉപയോഗിക്കുന്നു. അദ്ദേഹം രഞ്ജി ട്രോഫിയിലെ അലക്‌സ് ഫെര്‍ഗൂസനാണ്'- കാര്‍ത്തിക് കുറിച്ചു.

27 വർഷം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിച്ച അവരെ നിരവധി കിരീട നേട്ടങ്ങളിലേക്ക് നയിച്ച സർ അലക്സ് ഫെർ​ഗൂസനോടാണ് കാർത്തിക് പണ്ഡിറ്റിനെ ഉപമിച്ചത്. വിവിധ ടീമുകൾക്കൊപ്പം രഞ്ജിയിൽ കിരീട നേട്ടം ആഘോഷിച്ച പരിശീലക കരിയറാണ് പണ്ഡിറ്റിനുള്ളത്. 

മുംബൈയേയും വിദര്‍ഭയേയും രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് മധ്യപ്രദേശിനെയും പണ്ഡിറ്റ് കിരീടത്തിലേക്ക് നയിച്ചത്. 23 വര്‍ഷത്തിന് ശേഷമാണ് മധ്യപ്രദേശ് രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തിയത്. 

അവസാന ദിനം 108 റണ്‍സ് ആണ് മധ്യപ്രദേശിന്റെ മുന്‍പിലേക്ക് വിജയ ലക്ഷ്യമായി എത്തിയത്. നാല് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് ലക്ഷ്യം കണ്ടു. മുംബൈയെ രണ്ടാം ഇന്നിങ്‌സില്‍ 269 റണ്‍സിന് പുറത്താക്കാന്‍ കഴിഞ്ഞതാണ് മധ്യപ്രദേശിന് തുണയായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കന്നി കിരീടം ചൂടി മധ്യപ്രദേശ്, രഞ്ജിയില്‍ മുംബൈയെ വീഴ്ത്തി; ആറ് വിക്കറ്റ് ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ