കന്നി കിരീടം ചൂടി മധ്യപ്രദേശ്, രഞ്ജിയില്‍ മുംബൈയെ വീഴ്ത്തി; ആറ് വിക്കറ്റ് ജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th June 2022 03:21 PM  |  

Last Updated: 26th June 2022 03:21 PM  |   A+A-   |  

ranji_trophy12

ഫോട്ടോ: ട്വിറ്റർ

 

ബംഗളൂരു: രഞ്ജി ട്രോഫി കിരീടത്തില്‍ മുത്തമിട്ട് മധ്യപ്രദേശ്. മുംബൈയ്ക്ക് എതിരെ ആറ് വിക്കറ്റിനാണ് മധ്യപ്രദേശിന്റെ ജയം. മധ്യപ്രദേശിന്റെ ആദ്യ രഞ്ജി ട്രോഫി കിരീടമാണ് ഇത്. 

അവസാന ദിനം 108 റണ്‍സ് ആണ് മധ്യപ്രദേശിന്റെ മുന്‍പിലേക്ക് വിജയ ലക്ഷ്യമായി എത്തിയത്. നാല് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് ലക്ഷ്യം കണ്ടു. മുംബൈയെ രണ്ടാം ഇന്നിങ്‌സില്‍ 269 റണ്‍സിന് പുറത്താക്കാന്‍ കഴിഞ്ഞതാണ് മധ്യപ്രദേശിന് തുണയായത്. 

മുംബൈയേയും വിദര്‍ഭയേയം രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ മധ്യപ്രദേശിനൊപ്പം നിന്നും നേട്ടത്തിലെത്താന്‍ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിന് കഴിഞ്ഞു. രഞ്ജി ട്രോഫി കിരീടത്തില്‍ മുത്തമിടുന്ന 20ാമത്തെ ടീമാണ് മധ്യപ്രദേശ്. 12 ടീമുകള്‍ ഒന്നിലധികം തവണ രഞ്ജി ട്രോഫി ജയിച്ചപ്പോള്‍ എട്ട് ടീമുകള്‍ ഒരു തവണ വീതം രഞ്ജി ട്രോഫി കിരീടം നേടി. 

23 വര്‍ഷത്തിന് ശേഷമാണ് മധ്യപ്രദേശ് രഞ്ജി ട്രോഫി ഫൈനലിലേക്ക് എത്തിയത്. അഞ്ചാം ദിനം 113-2 എന്ന നിലയിലാണ് മുംബൈ ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ സുവേദ് പാര്‍ക്കറും സര്‍ഫറാസ് ഖാനും പുറത്തായതോടെ മുംബൈ തകര്‍ന്നു. നേരത്തെ മൂന്ന് താരങ്ങളുടെ സെഞ്ചുറി ബലത്തില്‍ 536 റണ്‍സ് ആണ് മധ്യപ്രദേശ് ഒന്നാം ഇന്നിങ്‌സില്‍ കണ്ടെത്തിയത്. 

യഷ് ദുബെ ശുഭം ശര്‍മ, രജത് എന്നിവര്‍ സെഞ്ചുറി നേടി. സര്‍ഫറാസ് ഖാന്റെ സെഞ്ചുറി ബലത്തിലാണ് മുംബൈ ഒന്നാം ഇന്നിങ്‌സില്‍ 374 റണ്‍സ് കണ്ടെത്തിയത്. 9 ഇന്നിങ്‌സില്‍ നിന്ന് 982 റണ്‍സോടെയാണ് സര്‍ഫറാസ് തന്റെ രഞ്ജി ട്രോഫി സീസണ്‍ അവസാനിപ്പിക്കുന്നത്. ബാറ്റിങ് ശരാശരി 122.75.

ഈ വാര്‍ത്ത കൂടി വായിക്കൂ

'യുഎസ് ഓപ്പണില്‍ വിലക്കിയാലും പ്രശ്‌നമില്ല'; കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ജോക്കോവിച്ച് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ