ബുമ്ര ക്യാപ്റ്റനായാല്‍ ചരിത്രം; രോഹിതിന് പകരം ആര്? സാധ്യതയില്‍ പന്തും കോഹ്‌ലിയും

രോഹിതിന് പകരം നായകനാകാന്‍ സാധ്യതയുള്ളത് മൂന്ന് പേരാണ്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുമ്ര, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവര്‍ക്കാണ് സാധ്യത
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ലണ്ടന്‍: കോവിഡ് ബാധിതനായതിനാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയുണ്ടാകില്ല. പകരം ആരായിരിക്കും ഇന്ത്യന്‍ ക്യാപ്റ്റനാകുക എന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എഡ്ജ്ബാസ്റ്റണില്‍ ജൂലൈ ഒന്ന് മുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്. 

രോഹിതിന് പകരക്കാരനായി ബാറ്റിങ് നിരയിലേക്ക് മായങ്ക് അഗര്‍വാളിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ തവണ മാറ്റിവച്ച പരമ്പരയിലെ അവസാന പോരാട്ടമാണ് നടക്കാനുള്ളത്. പരമ്പരയില്‍ നിലവില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. 

രോഹിതിന് പകരം നായകനാകാന്‍ സാധ്യതയുള്ളത് മൂന്ന് പേരാണ്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുമ്ര, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവര്‍ക്കാണ് സാധ്യത. 

ബുമ്രയാണ് ക്യാപ്റ്റനാകുന്നതെങ്കില്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ
ചരിത്രമായി മാറും. മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു പേസ് ബൗളര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാനിറങ്ങുമെന്ന ചരിത്രമാണ് പിറക്കുക. ഇതിഹാസ താരം കപില്‍ ദേവാണ് അവസാനമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ച പേസര്‍. 

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുമ്ര ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലായിരുന്നു ക്യാപ്റ്റന്‍. ശ്രീലങ്കക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരയിലും രോഹിത് ക്യാപ്റ്റനും ബുമ്ര വൈസ് ക്യാപ്റ്റനുമായിരുന്നു. 

നേരത്തെ ഇന്ത്യയെ നയിച്ച പരിചയം ബുമ്രയ്ക്കില്ല. 29 ടെസ്റ്റുകളാണ് ബുമ്ര ഇന്ത്യക്കായി കളിച്ചത്. ഐപിഎല്ലില്‍ ബുമ്ര ക്യാപ്റ്റന്‍ സ്ഥാനം ഇതുവരെ വഹിച്ചിട്ടില്ല. 

ഭാവി ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യ വളര്‍ത്തിയെടുക്കുന്ന താരമാണ് പന്ത്. ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ റിക്കി പോണ്ടിങിന്റെ കീഴില്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ക്യാപ്റ്റനായ താരമാണ് പന്ത്. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാനും പന്തിന് സാധിച്ചിരുന്നു. ആ നിലയ്ക്ക് പന്തിനും സാധ്യത നില്‍ക്കുന്നു. 

കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയിലാണ് കഴിഞ്ഞ തവണ പരമ്പരയില്‍ ഇന്ത്യ 2-1 എന്ന നിലയില്‍ എത്തിയത്. രോഹിതിന്റെ അഭാവത്തില്‍ ടീമിനെ ഒരിക്കല്‍ കൂടി നയിക്കാന്‍ മുന്‍ ക്യാപ്റ്റനോട് ആവശ്യപ്പെട്ടാല്‍ സൂപ്പര്‍ താരം നിരസിക്കുമെന്ന് തോന്നുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com