പുറത്താകാതെ ഹാട്രിക്ക് ഹാഫ് സെഞ്ച്വറി; റാങ്കിങില്‍ നേട്ടമുണ്ടാക്കി ശ്രേയസ്; കോഹ്‌ലി ആദ്യ പത്തില്‍ നിന്ന് പുറത്ത്

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറും നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഭുവി 17ാം റാങ്കില്‍ എത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ കിരീട നേട്ടത്തിന്റെ അമരത്ത് നിന്നത് ശ്രേയസ് അയ്യരായിരുന്നു. മൂന്ന് മത്സരങ്ങളിലും തുടര്‍ച്ചായായി അര്‍ധ സെഞ്ച്വറി തികച്ച താരത്തെ മൂന്ന് മത്സരത്തിലും ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്ക് വീഴ്ത്താനും സാധിച്ചില്ല! പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 174 സ്‌ട്രൈക്ക് റേറ്റില്‍ ശ്രേയസ് 204 റണ്‍സാണ് അടിച്ചെടുത്തത്. 

ഇപ്പോഴിതാ ബാറ്റിങ് മികവിന് പിന്നാലെ അയ്യരെ തേടി മറ്റൊരു നേട്ടവും. ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിങില്‍ ശ്രേയസ് നേട്ടമുണ്ടാക്കി. ഒറ്റയടിക്ക് 27 സ്ഥാനങ്ങളാണ് ബാറ്റര്‍മാരുടെ റാങ്കിങില്‍ താരം ഉയര്‍ന്നത്. താരം 18ാം റാങ്കിലേക്കാണ് കുതിച്ചെത്തിയത്. 

അതേസമയം ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ നിന്ന് വിട്ടുനിന്ന മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റര്‍മാരുടെ റാങ്കിങിലെ ആദ്യ പത്തില്‍ നിന്ന് പുറത്തായി. കോഹ്‌ലി 15ാം റാങ്കിലേക്ക് വീണു. 

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാറും നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഭുവി 17ാം റാങ്കില്‍ എത്തി. 

ഇന്ത്യക്കെതിരെ മികച്ച ബാറ്റിങ് കാഴ്ചവച്ച ശ്രീലങ്കയുടെ പതും നിസ്സങ്ക ആദ്യ പത്തിലേക്ക് കയറി. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നിസ്സങ്ക ഒന്‍പതാം സ്ഥാനത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com