സഹൽ തുടക്കമിട്ടു; വാസ്ക്സിന്റെ ഇരട്ട ​ഗോളുകളും; സെമി പ്രതീക്ഷ സജീവമാക്കി ബ്ലാസ്റ്റേഴ്സ്; മുംബൈയെ വീഴ്ത്തി

ഈ പോരാട്ടത്തിൽ വിജയിച്ചതോടെ ​ഗോവയ്‌ക്കെതിരായ അടുത്ത പോരാട്ടത്തിൽ സമനില നേടിയാൽ ബ്ലാസ്‌റ്റേഴ്‌സിന് സെമി ഉറപ്പിക്കാം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പനാജി: നിർണായക പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ തകർത്തെറിഞ്ഞ് സെമി സാധ്യതകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് വിജയ അനിവാ​ര്യമായ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് കൊമ്പൻമാർ ജയിച്ച് കയറിയത്. ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സഹൽ അബ്ദുൽ സമദ് ആദ്യ ​ഗോൾ നേടിയപ്പോൾ ആൽവരോ വാസ്കസ് ഇരട്ട ​ഗോളുകളുമായി ബ്ലാസ്റ്റേഴ്സ് ജയം ഉറപ്പാക്കി. 

ഈ പോരാട്ടത്തിൽ വിജയിച്ചതോടെ ​ഗോവയ്‌ക്കെതിരായ അടുത്ത പോരാട്ടത്തിൽ സമനില നേടിയാൽ ബ്ലാസ്‌റ്റേഴ്‌സിന് സെമി ഉറപ്പിക്കാം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. പിന്നീട് രണ്ടാം പകുതിയിൽ മൂന്നാം ​ഗോളും വലയിലെത്തിച്ചു. 71ാം മിനിറ്റിൽ ഡീ​ഗോ മൗറീസിയോ പെനാൽറ്റിയിലൂടെ മുംബൈയ്ക്ക് ആശ്വാസ ​ഗോൾ സമ്മാനിച്ചു. 

ജീവൻ മരണ പോരാട്ടമായതിനാൽ തന്നെ തുടക്കം മുതൽ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന്റെ പാതയാണ് സ്വീകരിച്ചത്. മത്സരം തുടങ്ങി 19ാം മിനിറ്റിൽ സഹലിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. ഈ സീസണിൽ സഹലിന്റെ അഞ്ചാം ഗോളായിരുന്നു അത്. മനോഹരമായ സോളോ ​ഗോളാണ് സഹൽ വലയിലെത്തിച്ചത്.  

പിന്നീടും ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം തുടർന്നു. 34ാം മിനിറ്റിൽ വാസ്‌കസിന്റെ ഒരു വോളി മുംബൈ തടഞ്ഞു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ വാസ്‌കസ് പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡുയർത്തി.

മുംബൈ ഗോൾകീപ്പർ നവാസിന്റെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോൾ വന്നത്. നവാസിന്റെ ക്ലിയറൻസ് പാളിപ്പോയപ്പോൾ അതു നേരെ വന്നത് വാസ്‌കസിന്റെ കാലുകളിലാണ്. കിട്ടിയ അവസരം മുതലെടുത്ത് വാസ്‌കസ് ലീഡ് മൂന്നാക്കി.

71-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുംബൈ ഒരു ഗോൾ തിരിച്ചടിച്ചു. മൗറീസിയോ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com