കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ലങ്ക വിയര്‍ക്കുന്നു; നാല് വിക്കറ്റുകള്‍ നഷ്ടം; ഇനിയും വേണം 466 റണ്‍സ്

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മൊഹാലി: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. 

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രവീന്ദ്ര ജഡേജ (പുറത്താകാതെ 175)യുടെ സെഞ്ച്വറിയും ഋഷഭ് പന്ത്, ഹനുമ വിഹാരി, ആര്‍ അശ്വിന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനിയും 466 റണ്‍സ് കൂടി വേണം. 

26 റണ്‍സുമായി പതും നിസ്സങ്കയും ഒരു റണ്ണുമായി ചരിത് അസലങ്കയുമാണ് ക്രീസില്‍. ഇന്ത്യക്കായി ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റുകളും ജഡേജ, ബുമ്‌റ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ലങ്ക ഭേദപ്പെട്ട രീതിയിലാണ് ആരംഭിച്ചത്. എന്നാല്‍ സ്‌കോര്‍ 50 തികയും മുന്‍പ് ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 48ല്‍ നില്‍ക്കെ ലഹിരു തിരിമന്നെയാണ് മടങ്ങിയത്. താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 17 റണ്‍സാണ് തിരിമന്നെ എടുത്തത്. 

സ്‌കോര്‍ 59ല്‍ നില്‍ക്കെ സന്ദര്‍ശകര്‍ക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. ക്യാപ്റ്റന്‍ കരുണരത്‌നെയാണ് ഇത്തവണ മടങ്ങിയത്. ക്യാപ്റ്റനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. 28റണ്‍സാണ് ലങ്കന്‍ നായകന്‍ കണ്ടെത്തിയത്. 

പിന്നീട് ലങ്ക 40 റണ്‍സ് കൂടി ബോര്‍ഡില്‍ ചേര്‍ത്തു. സ്‌കോര്‍ 96ല്‍ നില്‍ക്കെ അവര്‍ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. ഇത്തവണ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് കൂടാരം കയറിയത്. താരത്തെ ബുമ്‌റയാണ് എല്‍ബിഡബ്ല്യുവില്‍ കുടുക്കിയത്. 22 റണ്‍സാണ് മാത്യൂസ് കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഒരു റണ്ണെടുത്ത് ധനഞ്ജയ ഡി സില്‍വയും മടങ്ങി. താരത്തെയും അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 

ജഡേജയുടെ സെഞ്ച്വറിയും മൂന്ന് അര്‍ധ ശതകങ്ങളും

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 574-8 എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡിക്ലയര്‍ ചെയ്യാന്‍ രോഹിത് ശര്‍മ തീരുമാനിക്കുമ്പോള്‍ 175 റണ്‍സോടെ ക്രീസില്‍ നില്‍ക്കുകയായിരുന്നു രവീന്ദ്ര ജഡേജ. ടെസ്റ്റിലെ തന്റെ ആദ്യ ഇരട്ട ശതകത്തിലേക്ക് ജഡേജ എത്തുമെന്ന് തോന്നിച്ചു. എന്നാല്‍ അതിന് നില്‍ക്കാതെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 

228 പന്തില്‍ നിന്ന് 17 ഫോറും മൂന്ന് സിക്സും പറത്തിയാണ് ജഡേജ 175 റണ്‍സ് നേടിയത്. ജഡേജയുടെ റെഡ് ബോള്‍ ക്രിക്കറ്റിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. പരിക്കിന് ശേഷം തിരികെ വന്ന ആദ്യ ടെസ്റ്റിലാണ് ജഡേജ ബാറ്റിങ് മികവ് പുറത്തെടുത്തത്. 

ആര്‍ അശ്വിനും ജഡേജയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 130 റണ്‍സ്. മുഹമ്മദ് ഷമിക്കൊപ്പം നിന്ന് 103 റണ്‍സിന്റെ കൂട്ടുകെട്ടും രവീന്ദ്ര ജഡേജ തീര്‍ത്തു. ശ്രീലങ്കയ്ക്ക് എതിരെ ഏഴാം വിക്കറ്റില്‍ നേടുന്ന ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്. അശ്വിനും ജഡേജയ്ക്ക് ഉറച്ച പിന്തുണ നല്‍കി. അശ്വിന്‍ 61 റണ്‍സ് കണ്ടെത്തി. ഷമി 20 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഋഷഭ് പന്തിന്റെ 96 റണ്‍സ് ഇന്നിങ്സ് ആണ് ഇന്ത്യയെ 350ലേക്ക് എത്തിച്ചത് എങ്കില്‍ ജഡേജയുടെ 175 ഇന്ത്യന്‍ സ്‌കോര്‍ 500 കടത്തി.

ഒന്നാം ദിനം 357-6 എന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ അര്‍ധ ശതകവും വിഹാരിയുടെ ഇന്നിങ്സുമായിരുന്നു ആദ്യ ദിനത്തിലെ ഇന്ത്യയുടെ ഹൈലൈറ്റുകള്‍. 96 റണ്‍സ് എടുത്താണ് പന്ത് മടങ്ങിയത്. ശ്രേയസ് അയ്യറിനൊപ്പം അര്‍ധ ശതക കൂട്ടുകെട്ടും രവീന്ദ്ര ജഡേജയ്ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടും പന്ത് കണ്ടെത്തി.

128 പന്തില്‍ നിന്നാണ് ഹനുമ വിഹാരി 58 റണ്‍സ് എടുത്തത്. പൂജാരയ്ക്ക് പകരം ടീമില്‍ ഇടംലഭിച്ചത് മുതലാക്കാന്‍ വിഹാരിക്ക് കഴിഞ്ഞു. 100ാം ടെസ്റ്റ് കളിക്കുന്ന കോഹ്‌ലി 76 പന്തില്‍ നിന്ന് 45 റണ്‍സ് എടുത്താണ് കൂടാരം കയറിയത്. അഞ്ച് ഫോര്‍ കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com