നാട്ടങ്കത്തിൽ സിറ്റി തന്നെ; മാഞ്ചസ്റ്റർ ഡെർബിയിൽ യുനൈറ്റഡിനെ തകർത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2022 09:55 AM |
Last Updated: 07th March 2022 09:55 AM | A+A A- |

ഫോട്ടോ: ട്വിറ്റർ
ലണ്ടൻ: മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ ഒരിക്കൽ കൂടി വിജയം സ്വന്തമാക്കി പെപ് ഗെർഡിയോളയും സംഘവും. നഗരവൈരികൾ നേർക്കുനേർ വന്നപ്പോൾ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിനെ മാഞ്ചസ്റ്റർ സിറ്റി തകർത്തു. കെവിൻ ഡി ബ്രുയ്നെ, റിയാദ് മഹ്‌രസ് എന്നിവർ സിറ്റിക്കായി ഇരട്ട ഗോളുകൾ നേടി. യുനൈറ്റഡിന്റെ ആശ്വാസ ഗോൾ ജെയ്ഡൻ സാഞ്ചോയുടെ വകയായിരുന്നു.
എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയയുടെ മികവാണ് യുനൈറ്റഡിന് വലിയ നാണക്കേട് ഇല്ലാതെ തടിയൂരാൻ രക്ഷയായത്. അല്ലായിരുന്നുവെങ്കിൽ ഈ ഗോളുകളുടെ എണ്ണം കൂടിയേനെ.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ സിറ്റി ലീഡെടുത്തു. യുനൈറ്റഡ് ഡിഫൻസ് കാഴ്ചകൾ കണ്ടു നിൽക്കവെ ഡി ബ്രുയ്നെ അനായാസം പന്ത് വലയിൽ എത്തിച്ചു. ഈ ഗോളിനോട് നല്ല രീതിയിൽ പ്രതികരിച്ച മാഞ്ചസ്റ്റർ യുനൈറ്റഡ് സാഞ്ചോയിലൂടെ 22ാം മിനിറ്റിൽ സമനില പിടിച്ചു. പോഗ്ബയുടെ അസിസ്റ്റിൽ നിന്നായിരുന്നു സാഞ്ചോയുടെ ഗോൾ. എന്നാൽ ഈ സമനില അധികം നീണ്ടു നിന്നില്ല. 28ാം മിനിറ്റിൽ ഡി ബ്രുയ്നെ വീണ്ടും വല കുലുക്കി.
രണ്ടാം പകുതി തുടങ്ങി 68ാം മിനിറ്റിൽ റിയാദ് മഹ്‌രസിലൂടെ സിറ്റി മൂന്നാം ഗോളും നേടി. ഒരു കോർണറിൽ നിന്ന് മനോഹരമായ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ആണ് മഹ്‌രസ് പന്ത് വലയിലെത്തിച്ചത്. ആ ഗോളിന് ശേഷം പിന്നെ മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് ഒരു പോരാട്ടം പോലും കാണാൻ ആയില്ല. അവസാന നിമിഷങ്ങളിൽ മഹ്‌രസ് ഒരു ഗോൾ കൂടെ നേടിയതോടെ യുനൈറ്റഡിന്റെ പതനം പൂർണം.