പിറന്നത് എട്ട് ഗോളുകൾ; ബ്ലാസ്റ്റേഴ്സിന്റെ 'കൊലമാസ്' തിരിച്ചുവരവ്! ഗോവയെ സമനിലയിൽ പിടിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2022 09:54 PM |
Last Updated: 06th March 2022 09:54 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
പനാജി: സെമി ഉറപ്പിച്ച ശേഷം ഐഎസ്എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ സമനില. എട്ട് ഗോളുകൾ പിറന്ന ആവേശപ്പോരിൽ എഫ്സി ഗോവയുമായി 4- 4ന്റെ സമനില. 2-0ത്തിന് മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് പിന്നീട് 2-2ന് സമനിലയിൽ കുരുങ്ങി. പിന്നാലെ 4-2ന് പിന്നിലായ ബ്ലാസ്റ്റേഴ്സ് അവസാന ഘട്ടത്തിൽ രണ്ട് ഗോൾ കൂടി മടക്കി സമനില പിടിച്ചുവാങ്ങുകയായിരുന്നു.
സെമി ഫൈനൽ ഉറപ്പിച്ചതിനാൽ പ്രധാന താരങ്ങളിൽ പലർക്കും വിശ്രമം നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ജോർഗെ പെരേര ഡിയസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. സഹൽ അബ്ദുൽ സമദിന്റെ മികവായിരുന്നു ആ ഗോളിന് പിന്നിൽ. സഹൽ വലതു വിങ്ങിൽ നിന്ന് പന്ത് കൈക്കലാക്കി മുന്നേറി ഡിയസിന് പാസ് ചെയ്യുകയും ഡിയസ് ഡൈവിങ് ഫിനിഷിലൂടെ പന്ത് വലയിലാക്കി.
രണ്ടാം ഗോളും ഡിയസിന്റെ ബൂട്ടിൽ നിന്നായിരുന്നു. 25ാം മിനിറ്റിൽ ചെഞ്ചോ നേടി തന്ന പെനാൽറ്റി ഡിയസ് ലക്ഷ്യത്തിൽ എത്തിച്ചു. ഈ രണ്ട് ഗോളുകളോടേ ഡിയസിന്റെ ഈ സീസണിലെ ഗോൾ നേട്ടം എട്ടിലെത്തി.
രണ്ടാം പകുതിയിൽ പക്ഷേ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു സെറ്റ് പ്ലേയിൽ നിന്ന് ഐറാം ഗോവയ്ക്കായി വല ചലിപ്പിച്ചു. പിന്നാലെ ഒരു പെനാൽറ്റിയിലൂടെ ഐറാം തന്നെ സമനില ഗോളും നേടി. പിന്നീട് 79ആം മിനുട്ടിൽ ഐബാൻ ഡോഹ്ലിങ് ഗോവക്ക് ലീഡ് നൽകി. അവിടെയും തീർന്നില്ല. നാല് മിനിറ്റുകൾക്ക് ശേഷം ഐറാം ഹാട്രിക്കും നേടി ഗോവയുടെ വിജയം ഉറപ്പിച്ചു.
പക്ഷേ കളി അവിടെ തീർന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് പൊരുതിക്കയറുന്ന കാഴ്ചയായിരുന്നു പിന്നീട്. ചെഞ്ചോയുടെ പാസ് സ്വീകരിച്ച് 88ാം മിനുട്ടിൽ വിൻസി ബരെറ്റോയിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി കളി 4- 3 എന്നാക്കി. 90ാം മിനിറ്റിൽ വാസ്ക്വസിലൂടെ ബ്ലാസ്റ്റേഴ്സ് സമനില സ്വന്തമാക്കി.
സമനിലയോടെ ലീഗ് ഘട്ടം ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് അവസാനിപ്പിച്ചു. 20 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായാണ് കേരള ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് കടക്കുന്നത്. ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ആദ്യമായാണ് ലീഗ് ഘട്ടത്തിൽ ഇത്രയും പോയിന്റ് നേടുന്നത്.