20 സിക്‌സുകള്‍; ലോകകപ്പില്‍ മൂന്നക്കം കടക്കുന്നത് 3ാം തവണ; തകര്‍പ്പന്‍ സെഞ്ചുറിയോടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഹര്‍മന്‍പ്രീത് കൗര്‍

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ രോഹിത്തിനും സച്ചിനുമൊപ്പം എത്തി ഹര്‍മന്‍പ്രീത് കൗര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹാമില്‍ട്ടണ്‍: ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വനിതാ താരമായി ഹര്‍മന്‍പ്രീത് കൗര്‍. ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ സെഞ്ചുറി നേടിയതോടെയാണ് ഇത്. ലോകകപ്പിലെ ഹര്‍മന്‍പ്രീതിന്റെ മൂന്നാം സെഞ്ചുറിയാണ് ഇത്.

രണ്ട് വീതം സെഞ്ചുറി നേടിയ മന്ദാനയേയും മിതാലിയേയുമാണ് ഹര്‍മന്‍ ഇവിടെ മറികടന്നത്. നാല് ഏകദിന ലോകകപ്പ് സെഞ്ചുറികള്‍ വീതം നേടിയ ഇംഗ്ലണ്ടിന്റെ ജാനെറ്റ് ബ്രിട്ടിനും ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സുമാണ് ഹര്‍മന്‍പ്രീതിന്‌ മുന്‍പിലുള്ളത്. ലോകകപ്പ് മത്സരങ്ങളിലായി  20 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരവുമായി ഹര്‍മന്‍. രണ്ടാമതുള്ള മന്ദാനയുടെ ബാറ്റില്‍ നിന്ന് വന്നത് ഏഴ് സിക്‌സും

വെസ്റ്റ് ഇന്‍ഡീസിന് എതിരെ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. 119 പന്തില്‍ നിന്ന് മന്ദാന 123 റണ്‍സ് നേടി. ഹര്‍മന്‍പ്രീത് കൗര്‍ 107 പന്തില്‍ നിന്ന് 109 റണ്‍സ് കണ്ടെത്തി. 23 ഫോറും നാല് സിക്‌സുമാണ് ഇരുവരുടേയും ബാറ്റില്‍ നിന്ന് ഇന്ത്യന്‍ ഇന്നിങ്‌സില്‍ വന്നത്. 

ലോകകപ്പില്‍ നാലാം വിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് 

നാലാം വിക്കറ്റില്‍ 184 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തിയും ഹര്‍മനും മന്ദാനയും ചേര്‍ന്ന് റെക്കോര്‍ഡിട്ടു. ലോകകപ്പില്‍ നാലാം വിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്. ഏകദിന ക്രിക്കറ്റിലെ ഇന്ത്യന്‍ വനിതകളുടെ നാലാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടും. 

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 49 റണ്‍സിലേക്ക് ഇന്ത്യന്‍ സ്‌കോര്‍ എത്തിയപ്പോഴേക്കും യാസ്തിക പുറത്തായി. 21 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്താണ് യാസ്തിക മടങ്ങിയത്. വണ്‍ ഡൗണായി വന്ന മിതാലിക്ക് കണ്ടെത്താനായത് 5 റണ്‍സ് മാത്രം. 15 റണ്‍സിന് ദീപ്തി ശര്‍മയും മടങ്ങിയതോടെ ഇന്ത്യ 78-3 എന്ന നിലയിലേക്ക് വീണു. 

എന്നാല്‍ നാലാം വിക്കറ്റിലെ മന്ദാന-ഹര്‍മന്‍ കൂട്ടുകെട്ട് ഇന്ത്യയെ തുണച്ചു. ഇന്ത്യന്‍ സ്‌കോര്‍ 262ല്‍ എത്തിയപ്പോഴാണ് മന്ദാന മടങ്ങിയത്. മന്ദാന പുറത്തായതിന് ശേഷവും ഹര്‍മന് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞതോടെ ഇന്ത്യ 300 പിന്നിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com