തകര്‍പ്പന്‍ ഹാട്രിക്, 807ാം ഗോള്‍; ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റിയാനോ

807 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. 805 ഗോളുകള്‍ നേടിയ ജോസെഫ് ബിക്കിനെയാണ് ക്രിസ്റ്റ്യാനോ ഇവിടെ പിന്നിലാക്കിയത്
ഫോട്ടോ: പ്രീമിയര്‍ ലീഗ്‌, ട്വിറ്റർ
ഫോട്ടോ: പ്രീമിയര്‍ ലീഗ്‌, ട്വിറ്റർ

ഓള്‍ഡ്ട്രഫോര്‍ഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങി എത്തിയതിന് ശേഷം ആദ്യമായി ഹാട്രിക് തൊട്ട് റെക്കോര്‍ഡുകള്‍ കടപുഴക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീമിയര്‍ ലീഗിലെ ടോട്ടനത്തിനെ 3-2ന് വീഴ്ത്തിയ കളിയില്‍ ഗോളടിച്ച് കൂട്ടി ഫുട്‌ബോള്‍ ചരിത്രത്തിലെ ഗോള്‍ വേട്ടയില്‍ ഒന്നാം സ്ഥാനം പിടിക്കുകയാണ് ക്രിസ്റ്റ്യാനോ. 

807 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ പേരിലുള്ളത്. 805 ഗോളുകള്‍ നേടിയ ജോസെഫ് ബിക്കിനെയാണ് ക്രിസ്റ്റ്യാനോ ഇവിടെ പിന്നിലാക്കിയത്. പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിങ്ങിന് വേണ്ടി 5 ഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് 2003ല്‍ എത്തിയ ക്രിസ്റ്റിയാനോ റയലിലേക്ക് പോകുന്നതിന് മുന്‍പായി അടിച്ചത് 118 ഗോളുകള്‍. റയലിന് വേണ്ടി 450 ഗോള്‍. യുവന്റ്‌സിനായി വല കുലുക്കിയത് 101 തവണ. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചെത്തിയതിന് ശേഷം അടിച്ചത് 18 ഗോളുകളും. പോര്‍ച്ചുഗല്‍ ടീമിനായി 115 ഗോളുകളാണ് ക്രിസ്റ്റിയാനോയില്‍ നിന്ന് വന്നത്. 

ക്ലബ് ഫുട്‌ബോളിലും ദേശിയ ടീമിനും വേണ്ടി 807 ഗോളുകളാണ് ക്രിസ്റ്റിയാനോയുടെ അക്കൗണ്ടിലുള്ളത്. ഹാട്രിക്കിലേക്ക് എത്തുന്നതിന് മുന്‍പ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഇറങ്ങിയ 10 കളിയില്‍ ഒരു വട്ടം മാത്രമായിരുന്നു ക്രിസ്റ്റ്യാനോ വല കുലുക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന കളിയിലും ടീമിന്റെ രക്ഷയ്‌ക്കെത്താന്‍ സൂപ്പര്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. 

എന്നാല്‍ ടോട്ടനത്തിന് എതിരെ 12ാം മിനിറ്റില്‍ തന്നെ വല കുലുക്കി ക്രിസ്റ്റിയാനോ എത്തി. തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെയായിരുന്നു ആദ്യ ഗോള്‍. 35ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്ന്‍ സമനില പിടിച്ചപ്പോള്‍ യുനൈറ്റഡിന് ലീഡ് നേടിക്കൊടുത്ത് 38ാം മിനിറ്റില്‍ വീണ്ടും ക്രിസ്റ്റിയാനോ എത്തി.ബോക്‌സിന് മുന്‍പിലേക്ക് കിട്ടിയ ക്രോസില്‍ ഗോള്‍കീപ്പറെ വെട്ടിച്ച് പിഴവുകളില്ലാതെ ക്രിസ്റ്റ്യാനോ വല കുലുക്കി. എന്നാല്‍ 72ാം മിനിറ്റില്‍ ഹാരി മഗ്വെയറിന്റെ ഓണ്‍ ഗോളിലൂടെ വീണ്ടും ടോട്ടനത്തിന് സമനില പിടിക്കാനായി. ആ സമയവും വിജയ ഗോളുമായി 81ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ എത്തി. ഹെഡ്ഡറിലൂടെയായിരുന്നു ഹാട്രിക് ഗോള്‍.

ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് എത്തിയതിന് ശേഷം ആദ്യമായി ഹാട്രിക് നേടിയത് ഒരുപാട് സന്തോഷിപ്പിക്കുന്നു. ഗോളിലൂടേയും പ്രയത്‌നത്തിലൂടേയും ടീമിനെ സഹായിക്കുക എന്നതിനേക്കാള്‍ വലിയൊരു സന്തോഷം ഇല്ല. ഏത് ദിവസം ഏതൊരു ടീമിനേയും തോല്‍പ്പിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്, ജയത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com