ബംഗളൂരു: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക വിയര്‍ക്കുന്നു. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 252 റണ്‍സില്‍ അവസാനിപ്പിലങ്കയ്ക്ക് ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 166 റണ്‍സ് കൂടി വേണം.
50 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ അവരെ 100 കടക്കാമെന്ന പ്രതീക്ഷയില്‍ എത്തിച്ചത് മുന്‍ നായകനും വെറ്ററന്‍ താരവുമായ ആഞ്ചലോ മാത്യൂസിന്റെ ബാറ്റിങാണ്. താരം 43 റണ്‍സെടുത്ത് പുറത്തായി. നിലയുറപ്പിച്ച് ബാറ്റ് വീശി തുടങ്ങിയ താരത്തെ മടക്കി ബുമ്‌റയാണ് കളി വീണ്ടും ഇന്ത്യക്ക് അനുകൂലമാക്കിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതമാണ് മാത്യൂസിന്റെ ഇന്നിങ്‌സ്.
കുശാല്‍ മെന്‍ഡിസ് (രണ്ട്), ദിമുത് കരുണരത്‌നെ (നാല്), ലഹിരു തിരിമന്നെ (എട്ട്), ധനഞ്ജയ ഡി സില്‍വ (10), ചരിത് അസലങ്ക (അഞ്ച്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി.
ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 13 റണ്‍സുമായി നിരോഷന്‍ ഡിക്ക്‌വെല്ലയും റണ്ണൊന്നുമെടുക്കാതെ ലസിത് എംബുല്‍ഡെനിയയുമാണ് ക്രീസില്‍.
ഇന്ത്യക്കായി ജസ്പ്രിത് ബുമ്‌റ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.
ഒറ്റയാനായി അയ്യര്‍
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന നിലയിലേക്ക് വീണിരുന്നു. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് സഖ്യമാണ് കൂട്ടത്തകര്‍ച്ചയിലേക്ക് പോയ ടീമിനെ കരകയറ്റിയത്. സ്പിന്നിനെ കാര്യമായി തുണയ്ക്കുന്ന പിച്ചില്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യയെ കറക്കി വീഴ്ത്തുകയായിരുന്നു.
ശ്രേയസാണ് ഇന്ത്യക്കായി കാര്യമായി പൊരുതിയത്. താരം 98 പന്തുകള്‍ നേരിട്ട് പത്ത് ഫോറും നാല് സിക്‌സും സഹിതം 92 റണ്‍സെടുത്തു. അവസാന വിക്കറ്റായി മടങ്ങുമ്പോള്‍ അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്.
ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് 26 പന്തില്‍ ഏഴ് ഫോറുകള്‍ സഹിതം 39 റണ്‍സെടുത്തു. ഹനുമ വിഹാരി (81 പന്തില്‍ 31), വിരാട് കോഹ്‌ലി (48 പന്തില്‍ 23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ (ഏഴു പന്തില്‍ നാല്), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (25 പന്തില്‍ 15), കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി രവീന്ദ്ര ജഡേജ (14 പന്തില്‍ നാല്) എന്നിവര്‍ നിരാശപ്പെടുത്തി.
ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ഡെനിയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ധനഞ്ജയ ഡിസില്‍വ എന്നിവര്‍ രണ്ട് വിക്കറ്റുകളും സുരംഗ ലക്മല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണര്‍ മയാങ്ക് അഗര്‍വാളിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാമത്തെ മാത്രം ഓവറിലാണ് അഗര്‍വാള്‍ പുറത്തായത്. ഏഴ് പന്തു നേരിട്ട് ഒരു ഫോര്‍ സഹിതം നാല് റണ്‍സെടുത്ത അഗര്‍വാള്‍ റണ്ണൗട്ടാവുകയായിരുന്നു. വിശ്വ ഫെര്‍ണാണ്ടോ എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തിലാണ് അഗര്‍വാള്‍ പുറത്തായത്. വിശ്വ ഫെര്‍ണാണ്ടോയുടെ പന്തു പ്രതിരോധിക്കാനുള്ള മയാങ്കിന്റെ ശ്രമം പാളിയതോടെ അതു നേരെ വന്ന് പാഡിലിടിച്ചു. ഇതോടെ ശ്രീലങ്കന്‍ താരങ്ങള്‍ എല്‍ബിക്കായി അപ്പീല്‍ ചെയ്തു.
ആശയക്കുഴപ്പത്തിനിടെ പന്ത് കവറിലേക്കു നീങ്ങുന്നത് കണ്ട് മയാങ്ക് സിംഗിളിനായി ക്രീസ് വിട്ടിറങ്ങി. പാതിവഴി പിന്നിടുമ്പോഴും മറുവശത്ത് രോഹിത് ക്രീസില്‍ നിന്ന് അനങ്ങിയിരുന്നില്ല. തിരിച്ചോടാന്‍ ശ്രമിച്ചെങ്കിലും പ്രവീണ്‍ ജയവിക്രമ എറിഞ്ഞുനല്‍കിയ പന്ത് പിടിച്ചെടുത്ത് നിരോഷന്‍ ഡിക്‌വല്ല മയാങ്കിനെ റണ്ണൗട്ടാക്കി. ഫെര്‍ണാണ്ടോ ഓവര്‍സ്‌റ്റെപ്പ് ചെയ്തതിനാല്‍ ഈ പന്ത് നോബോളായിരുന്നു. ഇതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലായി ഇന്ത്യ.
സ്‌കോര്‍ 29ല്‍ നില്‍ക്കെ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. 25 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ലസിത് എംബുല്‍ഡെനിയ ധനഞ്ജയ ഡിസില്‍വയുടെ കൈകളിലെത്തിച്ചു.
മൂന്നാം വിക്കറ്റില്‍ ക്ഷമയോടെ ക്രീസില്‍ നിന്ന ഹനുമ വിഹാരി- വിരാട് കോഹ്‌ലി സഖ്യം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയതാണ്. രണ്ടിന് 29 റണ്‍സെന്ന നിലയില്‍ നിന്ന് രണ്ടിന് 76 റണ്‍സെന്ന നിലയിലേക്ക് എത്തിച്ചതിനു പിന്നാലെ വിഹാരി പുറത്തായി. 81 പന്തില്‍ നാല് ഫോറുകളോടെ 31 റണ്‍സെടുത്ത വിഹാരിയെ ജയവിക്രമ പുറത്താക്കി. പിന്നാലെ കോഹ്‌ലിയും മടങ്ങി. 48 പന്തില്‍ രണ്ട് ഫോറുകളോടെ 23 റണ്‍സെടുത്ത കോലിയെ ധനഞ്ജയ ഡിസില്‍വ എല്‍ബിയില്‍ കുരുക്കി. തകര്‍ത്തടിച്ചു മുന്നേറിയ ഋഷഭ് പന്തിന്റെ ഊഴമായിരുന്നു അടുത്തത്. 26 പന്തില്‍ 39 റണ്‍സെടുത്ത പന്ത് എംബുല്‍െഡെനിയയുടെ താഴ്ന്നുവന്ന പന്തില്‍ ബൗള്‍ഡായി. പിന്നാലെ രവീന്ദ്ര ജഡേജയെ എംബുല്‍ഡെനിയ ലഹിരു തിരിമന്നെയുടെ കൈകളിലെത്തിച്ചതോടെ ആറിന് 148 റണ്‍സെന്ന നിലയിലായി ഇന്ത്യ.
ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുഭാഗത്ത് ശ്രേയസ് കരുത്തോടെ നിന്നു. ഏഴാം വിക്കറ്റായി അശ്വിനും മടങ്ങി. താരം 13 റണ്‍സാണ് കണ്ടെത്തിയത്. ധനഞ്ജയ ഡി സില്‍വയുടെ പന്തില്‍ അശ്വിനെ വിക്കറ്റ് കീപ്പര്‍ ഡിക്ക്‌വല്ല ക്യാച്ചെടുത്ത് മടക്കി. അക്ഷര്‍ പട്ടേല്‍ (9), മുഹമ്മദ് ഷമി (5) എന്നിവരും ക്ഷണത്തില്‍ മടങ്ങി. അവസാന വിക്കറ്റായി ശ്രേയസാണ് കൂടാരം കയറിയത്. ബുമ്‌റ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates