‘സഹൽ ഗംഭീരം, കേരള ബ്ലാസ്റ്റേഴ്സും‘- അഭിനന്ദനവുമായി ഇന്ത്യൻ കോച്ച് സ്റ്റിമാച്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2022 06:15 PM |
Last Updated: 15th March 2022 06:15 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
മുംബൈ: ഐഎസ്എല്ലിലെ നിർണായക രണ്ടാം സെമി പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച് രംഗത്തെത്തി. എതിരാളികളെ ഭയക്കാതെ ഏറ്റവും ഊർജസ്വലമായി കളിക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സെന്ന് സ്റ്റിമാച്ച് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സിനായി നടപ്പ് സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന മലയാളി താരം സഹൽ അബ്ദുൽ സമദിനേയും അദ്ദേഹം അഭിനന്ദിച്ചു.
ഈ മാസം 23, 26 തീയതികളിലാണ് ഇന്ത്യ രണ്ട് പരിശീലന മത്സരങ്ങളിൽ ഇറങ്ങുന്നുണ്ട്. യഥാക്രമം ബഹ്റൈൻ, ബെലാറസ് ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടങ്ങൾ. ഈ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിനിടെ നടന്ന പത്രസമ്മേളനത്തിലാണ് പരിശീലകൻ സഹലിനേയും ബ്ലാസ്റ്റേഴ്സ് ടീമിനേയും അഭിനന്ദിച്ചത്. സഹലിന്റെ കളിയിലും ടീമിന്റെ മൊത്തം പ്രകടനത്തിലും മാറ്റങ്ങൾ വരുത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിചിനേയും സ്റ്റിമാച് അഭിനന്ദിച്ചു.
‘എനിക്കേറ്റവും പ്രിയപ്പെട്ട ഏതാനും താരങ്ങളുടെ പേരു പറഞ്ഞാൽ, സഹൽ തീർച്ചയായും അക്കൂട്ടത്തിലുണ്ടാകും. ആരും കാണാനാഗ്രഹിക്കുന്ന കളിയാണ് സഹലിന്റേത്. ഒടുവിൽ സഹലിന് മികച്ചൊരു സീസൺ ലഭിച്ചതിൽ വലിയ സന്തോഷം’.
‘കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന പരിശീലകൻ ഇവാനും പ്രത്യേകം നന്ദി. ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. നിർഭയമായി കളിക്കുന്നു എന്നതാണ് ഈ ടീമിന്റെ പ്രത്യേകത. മധ്യനിരയിലെ ഊർജസ്വലതയും എടുത്തു പറയണം. കടുത്ത പ്രസ്സിങ്ങിലൂടെ എതിരാളികളെ സമ്മർദ്ദത്തിലാക്കുന്ന കളിയും കൊള്ളാം. വിദേശ താരങ്ങളുമായുള്ള സഹലിന്റെ മനപ്പൊരുത്തം എടുത്തുപറയേണ്ടതാണ്. സഹൽ ഗോളടിച്ചും അടിപ്പിച്ചും തിളങ്ങുന്നത് കാണുന്നതുതന്നെ സന്തോഷമുള്ള കാര്യമാണ്. ദേശീയ ടീമിനെ സംബന്ധിച്ചും സഹലിന്റെ പ്രകടനം വളരെ നല്ല വാർത്തയാണ്’- സ്റ്റിമാച് വ്യക്തമാക്കി.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ച മലയാളി താരം വിപി സുഹൈറിനെക്കുറിച്ചും സ്റ്റിമാച്ച് വാചാലനായി. കഴിഞ്ഞ രണ്ട് വർഷമായി വളരെയധികം സ്ഥിരതയോടെ കളിക്കുന്ന താരമാണ് സുഹൈറെന്ന് അദ്ദേഹം പറഞ്ഞു. ടീമിന്റെ പ്രകടനം ഈ സീസണിൽ മോശമായെങ്കിലും വ്യക്തിപരമായി സുഹൈർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തനിക്കാകുന്നതെല്ലാം നൽകിയാണ് സുഹൈർ കളിക്കുക. പ്രതിരോധത്തിൽ കഠിനാധ്വാനം ചെയ്യുന്ന സുഹൈർ, എതിർ ടീമിന് തലവേദന സൃഷ്ടിക്കുന്ന താരമാണെന്നും സ്റ്റിമാച്ച് ചൂണ്ടിക്കാട്ടി.
പന്ത് വലയിലാക്കാൻ സുഹൈറിന് പ്രത്യേകമായ കഴിവുണ്ട്. കഴിഞ്ഞ ദിവസം ടീം പരിശീലന മത്സരം നടത്തിയപ്പോൾ സുഹൈർ നാല് ഗോളടിച്ചു. പന്ത് എങ്ങനെ ഗോൾ കീപ്പറിനെ മറികടന്ന് വലയിലെത്തിക്കാമെന്ന് നല്ലതുപോലെ അറിയുന്ന താരമാണ് സുഹൈർ. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണത്. സുനിൽ ഛേത്രി ടീമിലില്ലാത്ത സാഹചര്യത്തിൽ സുഹൈർ തീർച്ചയായും കളത്തിലിറങ്ങുമെന്നും ഇന്ത്യൻ പരിശീലകൻ കൂട്ടിച്ചേർത്തു.