‘ഞങ്ങളും വീശിയെറിയും പണം... ആരാണ് ഐപിഎലിനായി പോകുന്നതെന്ന് നമുക്കു നോക്കാം‘- രാജയുടെ ‘വെല്ലുവിളി‘

ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീ​ഗിനെ ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. നിലവിലെ ശൈലിയിൽനിന്ന് കാതലായ ചില വ്യത്യാസങ്ങൾ വരുത്തി പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ (പിഎസ്എൽ) നവീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ലോകത്തെ ഏറ്റവും സമ്പന്നമായ ലീഗ് എന്ന നിലയിൽ ഇന്ത്യൻ പ്രിമിയർ ലീഗിൽ നിന്ന് (ഐപിഎൽ) പ്രചോദനം ഉൾക്കൊണ്ടു കൊണ്ടുള്ള മാറ്റങ്ങളാണ് റമീസ് രാജ വിഭാവനം ചെയ്യുന്നത്. നിലവിലെ ഡ്രാഫ്റ്റ് സിസ്റ്റത്തിൽ നിന്നു മാറി കളിക്കാരെ ടീമിലെത്തിക്കാൻ ഐപിഎൽ മാതൃകയിൽ താര ലേലം നടത്തുന്നതിനാണ് മാറ്റങ്ങളുടെ പട്ടികയിൽ പ്രഥമ പരിഗണന. പിഎസ്എൽ കാശെറിയുന്ന ലീഗായി മാറുന്നതോടെ, ഈ ലീഗിനെ തഴഞ്ഞ് ആരാണ് ഐപിഎലിനായി പോകുന്നതെന്ന് കാണാമെന്നും റമീസ് രാജ വെല്ലുവിളിച്ചു.

‘സാമ്പത്തികമായി മെച്ചപ്പെടാൻ പാകിസ്ഥാൻ ബോർഡ് പുതിയ ചില വഴികൾ കണ്ടെത്തേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബോർഡിന്റെ പ്രധാന വരുമാന മാർഗങ്ങൾ പിഎസ്എലും ഐസിസി ഫണ്ടിങ്ങുമാണ്. പിഎസ്എല്ലിന്റെ കാര്യത്തിൽ അടുത്ത സീസൺ മുതൽ ചില മാറ്റങ്ങൾ വരുത്താൻ പദ്ധതിയുണ്ട്. താര ലേലം നടപ്പാക്കുന്നതാണ് പ്രധാനമായും പരിഗണനയിൽ.’

‘പാകിസ്ഥാൻ ബോർഡിനെ രക്ഷപ്പെടുത്താനുള്ള പ്രധാന മാർഗം പിഎസ്എൽ ആണെന്നു ഞാൻ കരുതുന്നു. പിഎസ്എൽ താര ലേല മാതൃകയിലേക്കു മാറ്റിയാൽത്തന്നെ കാര്യമായ വ്യത്യാസം സംഭവിക്കും. താര ലേലത്തിനായി കൂടുതൽ പണം ചെലവഴിക്കണം. അങ്ങനെ വരുമ്പോൾ പിഎസ്എൽ ഒഴിവാക്കി ആരാണ് ഐപിഎലിനായി പോകുന്നതെന്ന് നമുക്കു കാണാം.’ 

‘ഡ്രാഫ്റ്റ് സിസ്റ്റം തുല്യ ശക്തിയുള്ള ടീമുകൾ രൂപീകരിക്കാൻ അവസരം നൽകുന്നതിനാൽ, ഇതുവരെ നടന്ന ഏഴു സീസണുകൾക്കിടെ ആറ് പിഎസ്എൽ ടീമുകളും ഒരു തവണയെങ്കിലും കിരീടം നേടിയിണ്ട്. അടുത്ത സീസൺ മുതൽ പിഎസ്എൽ കൂടുതൽ വേദികളിലേക്കു മാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. മത്സരങ്ങൾ ഹോം – എവേ രീതിയിൽ സംഘടിപ്പിക്കാനാണ് ശ്രമം. അതുവഴി സ്റ്റേഡിയങ്ങളിൽ നിന്നുള്ള വരുമാനം കാര്യമായ തോതിൽ വർധിപ്പിക്കാം‘

‘ഇപ്പോഴത്തെ സാഹചര്യത്തിൽ മാർക്കറ്റ് സാഹചര്യങ്ങൾ അത്ര നല്ലതല്ല. പക്ഷേ, മാറ്റങ്ങൾ വരുത്തുന്ന കാര്യം ടീം ഉടമകളുമായി ചർച്ച ചെയ്യും. ഇത്തരം ലീഗുകൾ പണത്തിന്റെ കളിയാണ്. പാകിസ്ഥാനിലെ ക്രിക്കറ്റ് മാർക്കറ്റ് വളരുമ്പോൾ നമ്മോടുള്ള മറ്റു ടീമുകളുടെ നിലപാടും മാറും. കൂടുതൽ ആദരവും ലഭിക്കും’- റമീസ് രാജ പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം, കൂടുതൽ പണമിറക്കാനുള്ള റമീസ് രാജയുടെ നിർദ്ദേശത്തോട് പിഎസ്എൽ ടീമുകളുടെ ഉടമകൾ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ടീമുകൾ കളിക്കാരെ സ്വന്തമാക്കാൻ ഡ്രാഫ്റ്റ് സംവിധാനമാണ് പിഎസ്എലിൽ ആശ്രയിക്കുന്നത്. അതുവഴി കാര്യമായി പണമില്ലാത്ത ടീമുകൾക്കും മറ്റു ടീമുകളേപ്പോലെ തന്നെ കരുത്തുറ്റ താരനിരയെ സ്വന്തമാക്കാൻ അവസരമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com