'ഈ കണ്ടതും നേടിയതും ഒന്നുമല്ല, ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളു'; 90 മീറ്റര്‍ ഈ വര്‍ഷം തൊടുമെന്ന് നീരജ് ചോപ്ര

87.58മീ എറിഞ്ഞായിരുന്നു നീരജ് ടോക്യോയില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയെടുത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇതുവരെയുള്ള പ്രകടനവും നേട്ടങ്ങളും ഒന്നുമല്ല, തന്റെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളെന്ന് ഇന്ത്യയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ഈ വര്‍ഷം 90 മീറ്റര്‍ മാര്‍ക്ക് കടക്കുകയാണ് തന്റെ ലക്ഷ്യമെന്നും നീരജ് പറയുന്നു. 

87.58മീ എറിഞ്ഞായിരുന്നു നീരജ് ടോക്യോയില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയെടുത്തത്. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ മാത്രം താരവുമായി മാറി നീരജ് ഇവിടെ ചരിത്രം കുറിച്ചിരുന്നു. 

ഇതുവരെ ഞാന്‍ എന്തെല്ലാമാണോ നേടിയത് അതൊന്നുമല്ല ഏറ്റവും മികച്ചത് എന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും ചിന്തിക്കുന്നത്. ഭാവിയില്‍ എനിക്ക് ഇതിലും നന്നായി ചെയ്യാന്‍ കഴിയും. രാജ്യം മുഴുവന്‍ എന്നില്‍ വിശ്വസിക്കുമ്പോള്‍ സന്തോഷം തോന്നുന്നു. എന്നില്‍ എനിക്ക് വലിയ പ്രതീക്ഷകളുമുണ്ട്, നീരജ് ചോപ്ര പറയുന്നു. 

'90 മീറ്റര്‍ മാര്‍ക്ക് തകര്‍ക്കാന്‍ ഒരുപാടായി ഞാന്‍ ശ്രമിക്കുന്നു'

90 മീറ്റര്‍ മാര്‍ക്ക് തകര്‍ക്കാന്‍ ഒരുപാടായി ഞാന്‍ ശ്രമിക്കുന്നു. അടുത്ത് തന്നെ എനിക്ക് അതിനാവുമെന്ന് കരുതുന്നു. 90മീ എറിയുന്ന കാര്യത്തില്‍ എനിക്ക് സമ്മര്‍ദം ഒന്നുമില്ല. എന്നാല്‍ എന്റെ ടെക്‌നിക്കുകളിലും ശക്തിയിലും സ്പീഡിലും മാറ്റങ്ങള്‍ കൊണ്ടുവന്ന് ഈ വര്‍ഷം തന്നെ 90 മീറ്റര്‍ എറിയാന്‍ ശ്രമിക്കും. 

കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും ഡയമണ്ട് ലീഗുമെല്ലാം ഈ വര്‍ഷം വരുന്നു. വലിയ ടൂര്‍ണമെന്റുകളാണ് ഇവയെല്ലാം. എല്ലാ ടൂര്‍ണമെന്റുകളിലും എനിക്ക് മെഡല്‍ നേടാന്‍ കഴിയണം. കോമണ്‍വെല്‍ത്തിലും ഏഷ്യന്‍ ഗെയിംസിലും ഞാന്‍ മെഡല്‍ നേടിയിട്ടുണ്ട്. ആ മികവ് ആവര്‍ത്തിക്കണം. ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്തില്‍ ഞാന്‍ മത്സരിച്ചു. എന്നാല്‍ ഫൈനലില്‍ എത്താനായില്ല. ഇത്തവണ പോഡിയത്തില്‍ എത്തുകയാണ് ലക്ഷ്യമെന്നും നീരജ് വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com