46 ഗോളുമായി ഓഗ്‌ബെച്ചേയും സംഘവും, 8 ക്ലീന്‍ ഷീറ്റുള്ള ബ്ലാസ്‌റ്റേഴ്‌സ്; കരുതിയിരിക്കണം ഹൈദരാബാദിന്റെ ക്രോസുകളെ

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത ടീം ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകളുള്ള ടീമിനെതിരെ ഇറങ്ങുമ്പോള്‍ പോരാട്ടം കടുപ്പമാവുമെന്ന് ഉറപ്പാണ്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ഫറ്റോര്‍ഡ: തങ്ങളുടെ ടീം ആദ്യമായി ഐഎസ്എല്‍ കിരീടം ഉയര്‍ത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഹൈദരാബാദ്, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത ടീം ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകളുള്ള ടീമിനെതിരെ ഇറങ്ങുമ്പോള്‍ പോരാട്ടം കടുപ്പമാവുമെന്ന് ഉറപ്പാണ്.സീസണില്‍ ഏറ്റവും കൂടുതല്‍ ക്രോസുകള്‍ വന്നത് ഹൈദരാബാദില്‍ നിന്നാണ്. 348 ക്രോസുകള്‍.ഫൈനല്‍ പോരിന് ഇറങ്ങുമ്പോള്‍ പ്രധാന പോര് ഇവര്‍ തമ്മിലാവും...

ലൂണയ്ക്ക് പൂട്ടിടാന്‍ ഡോര്‍ജിയും ജാവോ ഹൈദരാബാദ് യും

സീസണ്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ തന്റെ ടീമിനായി സൃഷ്ടിച്ച താരമാണ് അഡ്രിയാന്‍ ലൂണ(10). കഴിഞ്ഞ കളിയില്‍ ഏറ്റുമുട്ടിയപ്പോള്‍ സൗവിക് ചക്രവര്‍ത്തിക്കായിരുന്നു ലൂണയ്ക്ക് തടയിടാനുള്ള ഉത്തരവാദിത്വം. എന്നാല്‍ ഇതിന് കഴിയാതെ വന്നതോടെ പകുതി സമയത്ത് വെച്ച് സൗവിക്കിനെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തിരുന്നു. ലൂണയെ പൂട്ടാന്‍ ജാവോ വിക്ടറിന്റെ പരിചയ സമ്പത്ത് ഗുണം ചെയ്‌തേക്കും. നിം ഡോര്‍ജീയേയും ലൂണയുടെ ഇടത് നിന്നും ബോക്‌സിനുള്ളിലേക്കുള്ള മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ കോച്ച് ഇറക്കും. 

ഒഗ്‌ബെച്ചെയെ നിശബ്ദനാക്കാന്‍ ഹോര്‍മിപ്പാമും

ലീഗ് ഘട്ടത്തില്‍ രണ്ടാം വട്ടം ഏറ്റുമുട്ടിയപ്പോള്‍ ഏക സ്‌ട്രൈക്കറായി കളിച്ച ഒഗ്‌ബെച്ചെ 28ാം മിനിറ്റില്‍ ഹൈദരാബാദിന് ലീഡ് നേടിക്കൊടുത്തിരുന്നു. കളി 2-1ന് ഹൈദരാബാദ് ജയിക്കുകയും ചെയ്തു. 4-2-3-1 എന്ന ഫോര്‍മേഷനില്‍ ഹൈദരാബാദ് വരുമ്പോള്‍ സോള്‍ സ്‌ട്രൈക്കറായി ഒഗ്‌ബെച്ചെ ആയിരിക്കുമോ അതോ ജാവിയെ കളിക്കുമോ എന്നുമറിയണം. 

എടികെയ്ക്ക് എതിരെ രണ്ടാം പാദ സെമിയില്‍ അറ്റാക്കിങ് മിഡ് ഫീല്‍ഡറായി കളിച്ച ഒഗ്‌ബെച്ചെയ്ക്ക് താളം തെറ്റിയിരുന്നു. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ നെടുംതൂണായ ഹോര്‍മിപാമും തമ്മിലായിരിക്കും ആവേശകരമായ മറ്റൊരു പോര്. 

സീസണില്‍ ബോക്‌സിനുള്ളില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ തടുത്തിട്ട ഗോള്‍കീപ്പറാണ് ഹൈദരാബാദിന്റെ കട്ടിമണി(42). 57 സേവുകളാണ് സീസണില്‍ കട്ടിമണിയുടെ പേരിലുള്ളത്. എന്നാല്‍ 5 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് ഫൈനലിലേക്ക് ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. അതില്‍ രണ്ടും ക്ലീന്‍ ഷീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com