'ഇതാ ഷാവിയുടെ ബാഴ്സലോണ'- സാന്റിയാ​ഗോ ബെർണാബുവിൽ കയറി റയലിനെ പഞ്ഞിക്കിട്ടു; എൽ ക്ലാസിക്കോയിൽ തകർപ്പൻ ജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 10:04 AM  |  

Last Updated: 21st March 2022 10:06 AM  |   A+A-   |  

ab

ഫോട്ടോ: ട്വിറ്റർ

 

മഡ്രിഡ്: ഷാവി ഹെർണാണ്ടസെന്ന പരിശീലകന്റെ തന്ത്രങ്ങൾ ബാഴ്സലോണയെ അടിമുടി മാറ്റിയിരിക്കുന്നു. എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ അവരുടെ തട്ടകമായ സാന്റിയാ​ഗോ ബെർണാബുവിൽ കയറി കറ്റാലൻമാർ പഞ്ഞിക്കിട്ടു. മറുപടിയില്ലാത്ത നാല് ​ഗോളുകൾക്കാണ് ബാഴ്സലോണ റയലിനെ തകർത്തെറിഞ്ഞത്. ലാ ലി​ഗയിലെ ഈ സീസണിലെ റയലിന്റെ അപരാജിതക്കുതിപ്പിനും ബാഴ്സ കടിഞ്ഞാണിട്ടു. 

കടുത്ത ആരാധകർ പോലും ബാഴ്‌സ ഇത്രയും വലിയ വിജയം നേടുമെന്ന് കരുതിയിരുന്നില്ല. സീസണിന്റെ തുടക്കത്തിൽ തപ്പിത്തടഞ്ഞ ബാഴ്സ പക്ഷേ ഇപ്പോൾ അടിമുടി മാറി. ഷാവിയുടെ തന്ത്രങ്ങളും ആഴ്സണലിൽ നിന്ന് ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിയ സൂപ്പർ താരം പിയറി എമെറിക്ക് ഔബമെയാങിന്റെ മിന്നും ഫോമും ടീമിന്റെ തലവര മാറ്റുന്ന കാഴ്ചയാണ് കണ്ടത്. എൽ ക്ലാസിക്കോയിലും താരം മിന്നും ഫോമിലായിരുന്നു. ഇരട്ട ​ഗോളുകളുമായി ഔബമെയാങ് കളം നിറഞ്ഞു. ശേഷിച്ച ​ഗോളുകൾ റൊണാൾഡ് അറൗഹോയും ഫെറാൻ ടോറസും വലയിലെത്തിച്ചു. 

ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും ബാഴ്‌സയ്ക്ക് സാധിച്ചു. 28 മത്സരങ്ങളിൽ നിന്ന് 54 പോയിന്റാണ് ടീമിനുള്ളത്. തോറ്റെങ്കിലും റയലാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 29 മത്സരങ്ങളിൽ നിന്ന് 66 പോയിന്റാണ് ടീമിനുള്ളത്.

സൂപ്പർ താരം കരിം ബെൻസെമയുടെ അഭാവം റയൽ നിരയിൽ പ്രകടമായിരുന്നു. 29ാം മിനിറ്റിൽ ഔബമെയാങ്ങിലൂടെ ബാഴ്‌സ ലീഡെടുത്തു. ഓസ്മാനെ ഡെംബലെയുടെ തകർപ്പൻ ക്രോസിന് കൃത്യമായി തലവെച്ച ഔബമെയാങ് അനായാസം പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ 38ാം മിനിറ്റിൽ ബാഴ്‌സ ലീഡ് വർധിപ്പിച്ചു. ഇത്തവണ അറൗഹോയാണ് ലക്ഷ്യം കണ്ടത്. രണ്ടാം ഗോളിന് വഴിവെച്ചതും ഡെംബലെ തന്നെ. ഡെംബലെയുടെ കോർണർ കിക്ക് മികച്ച ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് അറൗഹോ കറ്റാലന്മാർക്ക് ആദ്യ പകുതിയിൽ 2-0 ന്റെ ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്‌സ മൂന്നാം ഗോളടിച്ചു. ഇത്തവണ യുവതാരം ഫെറാൻ ടോറസാണ് ബാഴ്‌സയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ഫ്രങ്കി ഡി ജോങ്ങിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ഔബമെയാങ് അതിമനോഹരമായി പന്ത് ടോറസിന് കൈമാറി. ഗോൾകീപ്പർ കോർട്വയ്ക്ക് ഒരു സാധ്യതയും നൽകാതെ ടോറസ് പന്ത് വലയിലെത്തിച്ചു.

​ഗോളടിക്ക് തുടക്കമിട്ട ഔബമെയാങ് തന്നെ റയലിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു. 52ാം മിനിറ്റിൽ ഫെറാൻ ടോറസിന്റെ പാസ് സ്വീകരിച്ച ഔബമെയാങ് കോർട്വയുടെ തലയ്ക്ക് മുകളിലൂടെ പന്ത് സുന്ദരമായി ചിപ്പ് ചെയ്ത്  വലയിലാക്കി ബാഴ്സയുടെ തകർപ്പൻ ജയം ഉറപ്പാക്കി. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞ ഔബമെയാങ്ങാണ് മത്സരത്തിലെ താരം. 

എൽ ക്ലാസിക്കോയിൽ ബാഴ്‌സയുടെ 97ാം വിജയമാണിത്. 100 വിജയങ്ങൾ സ്വന്തമായുള്ള റയലിന് ബാഴ്‌സയ്ക്ക് മേൽ ആധിപത്യമുണ്ട്. ഫെബ്രുവരിയ്ക്ക് ശേഷം ബാഴ്‌സ നാല് ഗോൾ നേടുന്ന ആറാമത്തെ ടീമാണ് റയൽ. നേരത്തേ അത്‌ലറ്റിക്കോ, വലൻസിയ, നാപ്പോളി, അത്‌ലറ്റിക്ക്, ഒസാസുന ടീമുകൾക്കെതിരേ ബാഴ്‌സ നാല് ഗോളുകൾ നേടിയിരുന്നു.