കറക്കി വീഴ്ത്തി സ്‌നേഹ് റാണ; ബംഗ്ലാദേശിനെതിരെ കൂറ്റന്‍ ജയം; ലോകകപ്പില്‍ സെമി പ്രതീക്ഷ കാത്ത് ഇന്ത്യന്‍ വനിതകള്‍

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്‌നേഹ് റാണയുടെ തകര്‍പ്പന്‍ ബൗളിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹാമില്‍ട്ടന്‍: വനിതാ ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശ് വനിതകളെ 110 റണ്‍സിന് തറപ്പറ്റിച്ച് ഇന്ത്യന്‍ വനിതകള്‍ സെമി പ്രതീക്ഷകള്‍ കാത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തപ്പോള്‍ മറുപടി പറയാനിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 40.3 ഓവറില്‍ വെറും 119 റണ്‍സില്‍ അവസാനിപ്പിച്ച് കൂറ്റന്‍ ജയം പിടിക്കുകയായിരുന്നു. 

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നർ സ്‌നേഹ് റാണയുടെ തകര്‍പ്പന്‍ ബൗളിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജുലന്‍ ഗോസ്വാമി, പൂജ വസ്ത്രാകര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ പിഴുതു. രാജേശ്വരി ഗെയ്ക്‌വാദ, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സ്‌നേഹ് റാണ പത്തോവറില്‍ രണ്ട് മെയ്ഡനടക്കം 30 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

32 റണ്‍സെടുത്ത സല്‍മ ഖാതൂന്‍ ആണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍. ലത മൊണ്ടാല്‍ 24 റണ്‍സും മുര്‍ഷിദ ഖാതൂന്‍ 19 റണ്‍സും റിതു മോനി 16 റണ്‍സും കണ്ടെത്തി. 11 റണ്‍സുമായി ജഹ്നാര അലം പുറത്താകാതെ നിന്നു. മറ്റൊരാളും രണ്ടക്കം കടന്നില്ല. 

അർധ ശതകവുമായി വീണ്ടും തിളങ്ങി യസ്തിക

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. മിന്നും ഫോമിലുള്ള യസ്തിക ഭാട്യ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റി. താരം അര്‍ധ സെഞ്ച്വറി നേടി. 80 പന്തുകള്‍ നേരിട്ട് യസ്തിക 50 റണ്‍സ് കണ്ടെത്തി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് യസ്തിക അര്‍ധ ശതകം നേടുന്നത്. 

ഓപ്പണര്‍മാരായ സ്മൃതി മന്ധാന (30), ഷഫാലി വര്‍മ (42), പൂജ വസ്ത്രാകര്‍ (പുറത്താകാതെ 30), റിച്ച ഘോഷ് (26) എന്നിവരും തിളങ്ങി. 42 പന്തുകള്‍ നേരിട്ട് ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് ഷഫാലി 42 റണ്‍സ് കണ്ടെത്തിയത്.

ക്യാപ്റ്റന്‍ മിതാലി രാജ് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ഹര്‍മന്‍പ്രീതി കൗര്‍ 14 റണ്‍സും കണ്ടെത്തി. 

ബംഗ്ലാദേശിനായി റിതു മോനി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നഹിത അക്തര്‍ രണ്ട് വിക്കറ്റുകളും ജഹ്നാര അലം ഒരു വിക്കറ്റും സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com