സിംബാബ്‌വെ പേസര്‍ അല്ല; 7.5 കോടിയുടെ വുഡിന് പകരം 1 കോടിയുടെ ടൈ; പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്‌നൗ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 11:10 AM  |  

Last Updated: 24th March 2022 11:41 AM  |   A+A-   |  

mark wood

മാര്‍ക്ക് വുഡ്‌ /ഫയല്‍ ചിത്രം

 

മുംബൈ: പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തുക സിംബാബ്‌വെ താരമല്ല. ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്ര്യു ടൈയിനെയാണ് മാര്‍ക്ക് വുഡിന്റെ പകരക്കാരനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. 

സിംബാബ്‌വെ താരം ബ്ലെസിംഗ് മുസര്‍ബാനിയ വുഡിന്റെ പകരക്കാരനായി ഐപിഎല്ലിലേക്ക് എത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്ക് ആന്‍ഡ്ര്യൂ ടൈയാണ് ലഖ്‌നൗവിലേക്ക് എത്തുക. 

പഞ്ചാബ് കിങ്‌സിനായി കളിച്ച ഒരു സീസണില്‍ പര്‍പ്പിള്‍ ക്യാപ്പ് ആന്‍ഡ്ര്യൂ ടൈ സ്വന്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനായി പന്തെറിഞ്ഞാണ് ആന്‍ഡ്ര്യൂ ടൈ തന്റെ താളം വീണ്ടെടുത്തത്. കിരീടം നേടിയ പെര്‍ത്തിന്റെ വിക്കറ്റ് വേട്ടയില്‍ ഒന്നാമത് ടൈ ആയിരുന്നു. 

27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റ്‌

27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റാണ് ടൈയുടെ അക്കൗണ്ടിലുള്ളത്. ഓസ്‌ട്രേലിയക്കായി കളിച്ചത് 32 ട്വന്റി20യും. ഇതില്‍ നിന്ന് 47 വിക്കറ്റ് വീഴ്ത്തി. ഡെത്ത് ഓവറില്‍ ടൈയെ ആശ്രയിക്കാം എന്നതും രാഹുല്‍ നയിക്കുന്ന ലഖ്‌നൗ ടീമിന് മുതല്‍ക്കൂട്ടാവും. 

7.5 കോടി രൂപയ്ക്കാണ് മാര്‍ക്ക് വുഡിനെ ലഖ്‌നൗ ലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ വിന്‍ഡിസിന് എതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റിന് ഇടയില്‍ വുഡിന് പരിക്കേറ്റു. നേരത്തെ മാര്‍ക്ക് വുഡിന് പകരം ബംഗ്ലാദേശ് പേസര്‍ ടസ്‌കിന്‍ അഹമ്മദിനെ ടീമിലേക്ക് എത്തിക്കാനും ലഖ്‌നൗ ശ്രമിച്ചിരുന്നു. എന്നാല്‍ ഐപിഎല്‍ കളിക്കാനുള്ള എന്‍ഒസി ബംഗ്ലാദേശ് ക്രിക്കറ്റ് ടസ്‌കിന് നല്‍കിയില്ല.