അരങ്ങേറ്റക്കാര്‍ നേര്‍ക്കുനേര്‍; പുതു യാത്രയ്ക്ക് തുടക്കമിടാന്‍ രാഹുലും ഹര്‍ദ്ദികും; കാണാം ടൈറ്റന്‍സ്- സൂപ്പര്‍ ജയ്ന്റ്‌സ് പോര്

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് നേര്‍ക്കുനേര്‍ വരും. ലഖ്‌നൗ ടീമിനെ കെഎല്‍ രാഹുലും ഗുജറാത്തിനെ ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് നയിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ശ്രദ്ധേയ പോരാട്ടം. ഇത്തവണ ലീഗില്‍ അരങ്ങേറുന്ന രണ്ട് പുതിയ ടീമുകള്‍ ഇന്ന് തങ്ങളുടെ ഐപിഎല്‍ യാത്രക്ക് തുടക്കമിടുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് നേര്‍ക്കുനേര്‍ വരും. ലഖ്‌നൗ ടീമിനെ കെഎല്‍ രാഹുലും ഗുജറാത്തിനെ ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് നയിക്കുന്നത്. ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ചുരുക്കം. 

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന ലേബലിലാണ് ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ കളിക്കാനിറങ്ങുന്നത്. 17 കോടി മുടക്കിയാണ് ലഖ്‌നൗ പഞ്ചാബ് നായകനായിരുന്ന രാഹുലിനെ ഇത്തവണ ടീമിലെത്തിച്ചത്. ഐപിഎല്ലില്‍ സ്ഥിരതയുടെ പര്യായമായ താരം കൂടിയാണ് രാഹുല്‍. പഞ്ചാബ് കിങ്‌സിനായി നാല് വര്‍ഷം കളിച്ച താരം ടീമിനായി അടിച്ചുകൂട്ടിയത് 2500 റണ്‍സ്. ഇത്തവണയും ബാറ്റിങ് മികവ് താരം തുടരുമെന്ന പ്രതീക്ഷയും ടീമിനുണ്ട്. 

മുംബൈ ഇന്ത്യന്‍സിനൊപ്പം രണ്ട് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ പങ്കാളിയായ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കാണ് ലഖ്‌നൗ ടീമിന്റെ മറ്റൊരു സുപ്രധാന താരം. മനീഷ് പാണ്ഡെ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുണാല്‍ പാണ്ഡ്യ, ജാസന്‍ ഹോള്‍ഡര്‍ തുടങ്ങി ഒരുപിടി മികച്ച താരങ്ങളും ലഖ്‌നൗ ടീമിനായി കളത്തിലിറങ്ങും. 

ഗുജറാത്തിന്റെ അരങ്ങേറ്റത്തിനൊപ്പം നായകനെന്ന നിലയില്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ അരങ്ങേറ്റമെന്ന സവിശേഷതയുമുണ്ട് ഇന്നത്തെ പോരിന്. ടി20യിലെ അപകടകാരികളായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഹര്‍ദ്ദിക്. അതേസമയം സമീപ കാലത്ത് അത്ര മികച്ച പ്രകടനങ്ങള്‍ താരത്തിന് നടത്താന്‍ സാധിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിലും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായത്തിലും താരം നിറംമങ്ങി. ഈ നിരാശകള്‍ മറയ്ക്കുകയും തന്റെ നായക മികവ് ബോധ്യപ്പെടുത്താനും താരത്തിന് ലഭിക്കുന്ന മികച്ച അവസരമാണ് ഇന്നത്തെ പോരാട്ടം. 15 കോടിയ്ക്കാണ് ഗുജറാത്ത് ഹര്‍ദ്ദികിനെ സ്വന്തമാക്കിയത്. 

ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അഫ്ഗാന്‍ താരം റാഷിദ് ഖാന്റെ സാന്നിധ്യമാണ് ഗുജറാത്തിനെ വ്യത്യസ്തമാക്കി നിര്‍ത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്. താരത്തേയും 15 കോടി മുടക്കിയാണ് ഗുജറാത്ത് പളയത്തിലെത്തിച്ചത്. ഇന്ത്യന്‍ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരും ടീമിന്റെ കരുത്താണ്. 

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സാധ്യതാ ഇലവന്‍: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, എവിന്‍ ലൂയീസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, ആന്‍ഡ്രൂ ടൈ, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍. 

ഗുജറാത്ത് ടൈറ്റന്‍സ് സാധ്യതാ ഇലവന്‍: ഹര്‍ദ്ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, റഹ്മാനുള്ള ഗുര്‍ബാസ്, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍, രാഹുല്‍ തേവാടിയ, റാഷിദ് ഖാന്‍, ജയന്ത് യാദവ്, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി, വരുണ്‍ ആരോണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com