'എന്തുപറ്റി, ഐപിഎല്‍ കാരണം 'എക്‌സ്ട്ര'യെ ബാറ്റ് ചെയ്യാന്‍ കിട്ടിയില്ലേ?'- ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ ട്രോളുമായി ജാഫര്‍; ഇര മൈക്കല്‍ വോണ്‍ തന്നെ

ഇംഗ്ലണ്ടിനായി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയുമായാണ് ജാഫറിന്റെ ട്രോള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന് എന്താണ് പറ്റിയതെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചോദിക്കുന്നത്. ആഷസ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പോയ ഇംഗ്ലീഷ് സംഘം 1-0ത്തിന് പരമ്പര അടിയറവ് വച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് പോരാട്ടങ്ങളും സമനിലയിലാണ് അവസാനിച്ചത്. അവസാന ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് വിന്‍ഡീസ് പരമ്പര നേടിയത്. 

മൂന്നാം പോരാട്ടത്തില്‍ അവരുടെ ബാറ്റിങ് നിര പാടെ നിരാശപ്പെടുത്തി. ഒന്നാം ഇന്നിങ്‌സില്‍ 204ന് പുറത്തായ സംഘം രണ്ടാം ഇന്നിങ്‌സില്‍ വെറും 120 റണ്‍സിലും കൂടാരം കയറി. 

ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ ഈ ദയനീയ പ്രകടനത്തെ ആരാധകരും മുന്‍ താരങ്ങളും വലിയ തോതിലാണ് വിമര്‍ശനവിധേയമാക്കുന്നത്. അതിനിടെ രസകരമായ പോസ്റ്റുകള്‍ ട്വിറ്ററില്‍ ഇടാറുള്ള മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ പതിവ് പോലെ ട്രോള്‍ ട്വീറ്റുമായി ഇത്തവണയും രംഗത്തെത്തി. ഈപ്രാവശ്യവും ഇര മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ആണ്. 

ഇംഗ്ലണ്ടിനായി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയുമായാണ് ജാഫറിന്റെ ട്രോള്‍. പട്ടികയില്‍ ആദ്യത്തെ പേരുകാരന്‍ ക്യാപ്റ്റന്‍ ജോ റൂട്ടാണ്. 1708 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്ത് ഓപ്പണര്‍ റോറി ബേണ്‍സാണ് 530 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പട്ടികയിലെ മൂന്നാമത്തെ പേരാണ് ഏറ്റവും രസം. എക്‌സ്ട്രാസിലൂടെ ലഭിച്ച 412 റണ്‍സാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ബെയര്‍‌സ്റ്റോ നേടിയത് 391 റണ്‍സും അഞ്ചാമതുള്ള ഒലി പോപ്പ് നേടിയത് 368 റണ്‍സുമാണ്. 

ഈ പട്ടിക വച്ചാണ് ജാഫറിന്റെ ചോദ്യം. 'ഇംഗ്ലണ്ട് 120ന് ഓള്‍ ഔട്ടായി. മൈക്കല്‍ വോണ്‍ എന്താണ് സംഭവിച്ചത്. 'എക്‌സട്രാ' പയ്യന്‍ ഐപിഎല്‍ കളിക്കാന്‍ പോയതുകൊണ്ടാണോ ഇത് സംഭവിച്ചത്?' - ജാഫര്‍ ചോദിച്ചു. 

വിന്‍ഡീസിനോടും പരമ്പര തോറ്റതോടെ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ സ്ഥാനത്തിനും ഇളക്കം സംഭവിക്കുന്ന മട്ടാണ്. ബാറ്റിങില്‍ മികവ് പുലര്‍ത്തുമ്പോഴും റൂട്ട് ക്യാപ്റ്റനെന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com