ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'റൺ മല കയറുന്നതിലെ ആനന്ദം'- അക്കാര്യത്തിൽ പഞ്ചാബാണ് 'കിങ്സ്'; ചെന്നൈയെ പിന്തള്ളി റെക്കോർഡ്

ആദ്യം ബാറ്റ് ചെയ്ത ബാം​ഗ്ലൂർ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് അടിച്ചെടുത്തപ്പോൾ പഞ്ചാബ് അതേ നാണയത്തിൽ തന്നെ മറുപടി നൽകി

മുംബൈ: ഐപിഎല്ലിൽ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ- പഞ്ചാബ് കിങ്സ് പോരാട്ടം ബാറ്റ്സ്മാൻമാർ തമ്മിലായിരുന്നു. ഇരു ടീമിലേയും ചില ബൗളർമാർ ശരിക്കും തല്ല് വാങ്ങി. ആദ്യം ബാറ്റ് ചെയ്ത ബാം​ഗ്ലൂർ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് അടിച്ചെടുത്തപ്പോൾ പഞ്ചാബ് അതേ നാണയത്തിൽ തന്നെ മറുപടി നൽകി. അവർ ഒരോവർ ബാക്കി നിർത്തി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിനാവശ്യമായ റൺസും കൂടെ ഒരു രണ്ട് റണ്ണും അധികം എടുത്ത് പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്ത് രാജകീയമായി തന്നെ അവസാനിപ്പിച്ച് വിജയം പിടിച്ചു. 

ചെയ്സ് ചെയ്ത് വിജയം പിടിച്ചതിന് പിന്നാലെ ഒരു അപൂർവ റെക്കോർഡും പഞ്ചാബ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ 200നു മുകളിലുള്ള വിജയ ലക്ഷ്യം ഏറ്റവും കൂടുതൽ തവണ മറികടക്കുന്ന ടീമായി പഞ്ചാബ് മാറി. മറികടന്നത് ചെന്നൈ സൂപ്പർ കിങ്സിന്റെ റെക്കോർഡ്. 

ഐപിഎലിൽ ഇത് നാലാം തവണയാണ് പഞ്ചാബ് കിങ്സ് 200നു മുകളിലുള്ള വിജയ ലക്ഷ്യം മറികടക്കുന്നത്. ഈ മത്സരത്തിനു മുൻപ് മൂന്ന് തവണ വീതം 200+ വിജയ ലക്ഷ്യം മറികടന്ന് ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും ഒപ്പത്തിനൊപ്പമായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ പഞ്ചാബ് തന്നെ രാജാക്കൻമാർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും രണ്ട് തവണ വീതം 200 റൺസിനു മുകളിലുള്ള വിജയ ലക്ഷ്യം മറികടന്നിട്ടുണ്ട്.

വിൻഡീസ് താരങ്ങളുടെ വെടിക്കെട്ട് ഉത്സവമാണ് ഐപിഎൽ എന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. ഒഡീൻ സ്മിത്ത് ക്രീസിൽ എത്തും വരെ ആർസിബിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ താരത്തിന്റെ കടന്നാക്രമണം ആർസിബെ ഹതാശരാക്കി കളഞ്ഞു. ക്രിസ് ഗെയ്‌ലിന്റെയും കെയ്റോൺ പൊള്ളാർ‌ഡിന്റെയും പിൻമുറക്കാരനായി ആദ്യമായി ഈ സീസണിൽ ഐപിഎല്ലിനെത്തിയ ഒഡീൻ അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ (8 പന്തിൽ പുറത്താകാതെ 25) ബാംഗ്ലൂരിനെതിരെ പഞ്ചാബ് ത്രസിപ്പിക്കുന്ന ജയം പിടിച്ചെടുത്തു. 

39 ഓവർ നീണ്ട മത്സരത്തിൽ ആകെ പിറന്നത് 413 റൺസ്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെയും (57 പന്തിൽ 88) വിരാട് കോഹ്‌ലിയുടെയും (29 പന്തിൽ 41) ദിനേശ് കാർത്തിക്കിന്റെയും (14 പന്തിൽ‌ 32) മികവിൽ ബാംഗ്ലൂർ ഉയർത്തിയ റൺകോട്ട ടീം ഗെയിമിന്റെ കരുത്തിലാണ് പഞ്ചാബ് കീഴടക്കിയത്. ക്യാപ്റ്റൻ മയാങ്ക് അഗർവാളും (24 പന്തിൽ 32) ശിഖർ ധവാനും (29 പന്തിൽ 43) ചേർന്നു തിരികൊളുത്തിയ വെടിക്കെട്ട് ഭാനുക രാജപക്സയും (22 പന്തിൽ 43) ലിയാം ലിവിങ്സ്റ്റനും (10 പന്തിൽ 19) ഏറ്റെടുത്തു. അവസാന ഓവറുകളിൽ പിടിമുറുക്കി ബാംഗ്ലൂർ മത്സരം സ്വന്തമാക്കുമെന്നു കരുതിയപ്പോഴാണ് ഒഡീൻ സ്മിത്തും ഷാരൂഖ് ഖാനും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് അതിവേഗം റൺവാരി വിജയമുറപ്പിച്ചത്. ഷാരൂഖ് 20 പന്തിൽ 24 റൺസെടുത്തു പുറത്താകാതെ നിന്നു. 

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത പഞ്ചാബ് സന്തോഷിച്ചത് ആദ്യ ഓവറിൽ മാത്രമാണ്. ആ  ഓവറിൽ ഒരു റൺ മാത്രമാണ് ബാംഗ്ലൂർ നേടിയത്. എന്നാൽ അർഷ്‌ദീപ് സിങ്ങിന്റെ രണ്ടാം ഓവർ മുതൽ ഡുപ്ലെസി ആക്രമണം അഴിച്ചുവിട്ടു. ഡുപ്ലെസി– കോഹ്‌ലി സഖ്യം രണ്ടാം വിക്കറ്റിൽ 118 റൺസ് നേടി. 18ാം ഓവറിൽ ഡുപ്ലെസിയെ നഷ്ടമായെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് ആഞ്ഞടിച്ചതോടെ  ബാം​ഗ്ലൂർ സ്കോർ 200 പിന്നിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com