'ഇത്തവണ ഞങ്ങള്‍ വ്യത്യസ്ത സംഘം; താരങ്ങളുടെ കാര്യത്തില്‍ മികച്ച ഓപ്ഷനുകള്‍ ഉണ്ട്'- ടീമിന്റെ സാധ്യത പറഞ്ഞ് സഞ്ജു

ഈ സീസണിലെ ആദ്യ പോരാട്ടത്തിനായി നാളെ രാജസ്ഥാന്‍ കളത്തിലിറങ്ങുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: 13 വര്‍ഷമായി തുടരുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയാണ് ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. താര ലേലത്തില്‍ ശ്രദ്ധേയ താരങ്ങളെ ടീമിലെത്തിക്കാനും അവര്‍ക്കു സാധിച്ചിരുന്നു. ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചഹല്‍ ഇവര്‍ക്കൊപ്പം ക്യാപ്റ്റനും മലയാളി താരവുമായി സഞ്ജു സാംസണും ചേരുന്നതോടെ അവര്‍ കരുത്തുറ്റ സംഘമായി മാറുന്നു. 

ഈ സീസണിലെ ആദ്യ പോരാട്ടത്തിനായി നാളെ രാജസ്ഥാന്‍ കളത്തിലിറങ്ങുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ടീമിന്റെ മുന്നിലുള്ള ലക്ഷ്യങ്ങളും ഇത്തവണത്തെ സാധ്യതകളും പറയുകയാണ് ക്യാപ്റ്റന്‍ സഞ്ജു. 

'തികച്ചും വ്യത്യസ്തമായ ഒരു ടീമാണ് ഇത്തവണ ഞങ്ങളുടേത്. ടീമില്‍ പുതിയ അംഗങ്ങളുണ്ട്. താരങ്ങള്‍ പരസ്പരം മനസിലാക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട്, മൂന്ന് സീസണുകളില്‍ നിന്ന് ഒരുപാട് പഠിച്ചു. ചില ഓപ്ഷനുകളും ചര്‍ച്ചയായി. ലേലത്തില്‍ മികച്ച താരങ്ങളെ തന്നെ സ്വന്തമാക്കാനും ടീമിന് സാധിച്ചു.' 

'രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന വലിയൊരു ടൂര്‍ണമെന്റാണ് ഇത്തവണ. ടീമില്‍ ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും ഉണ്ട്. അവരുടെയെല്ലാം മാനസികാവസ്ഥ, ഫിറ്റ്‌നസ്, ഫോം എല്ലാം മനസിലാക്കേണ്ടതുണ്ട്. ടീമില്‍ ഓരോരുത്തര്‍ക്കും പകരമായി മികച്ച താരങ്ങളുണ്ട്. ഭയരഹിതമായി നേരിടുകയെന്നതാണ് ടി20 ഫോര്‍മാറ്റിന്റെ സവിശേഷത. അത്തരം മാനസികാവസ്ഥയുള്ള താരങ്ങളുടെ സാന്നിധ്യം ഇത്തവണ ടീമിലുണ്ട്.' 

ക്രിക്കറ്റ് ഡയറക്ടറായി കുമാര്‍ സംഗക്കാരയും ബൗളിങ് പരിശീലകനായി അടുത്തിടെ ലസിത് മലിംഗ എത്തിയതും ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് സഞ്ജു പറയുന്നു. 

'ഞങ്ങള്‍ കണ്ടു വളര്‍ന്ന താരങ്ങളാണ് ലസിത് മലിംഗ, കുമാര്‍ സംഗക്കാര എന്നിവരെപ്പോലെയുള്ളവര്‍. മൈതാനത്ത് അവര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് മിക്കവാറും എല്ലാ ക്രിക്കറ്റ് കളിക്കാരും ആവേശത്തോടെ തന്നെ ഓര്‍ക്കും. അവര്‍ ഇപ്പോള്‍ ഞങ്ങളെപ്പോലെയുള്ള യുവാക്കളെ അവരുടെ കളി മനസിലാക്കാന്‍ സഹായിക്കുന്നത് നല്ല കാര്യമാണ്.' 

'ലസിതിന്റെ സാന്നിധ്യം ടീമിലെ ഓരോ ബൗളര്‍മാര്‍ക്കും വ്യക്തത നല്‍കുന്നുണ്ട്. അവരുടെ ബൗളിങ് കൂടുതല്‍ അനായാസമാക്കാന്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സാധിക്കുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം ക്യാപ്റ്റനെന്ന എന്ന നിലയില്‍ എന്റെ കാര്യങ്ങളും എളുപ്പമാക്കുന്നുണ്ട്'- സഞ്ജു വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com