വനിതാ ഏകദിന റാങ്കിങ്; മിതാലിക്കും ജുലന്‍ ഗോസ്വാമിക്കും നേട്ടം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2022 04:59 PM |
Last Updated: 29th March 2022 04:59 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ദുബായ്: ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ സെമിയില്‍ എത്താതെ പുറത്തായതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും ഏറ്റവും പുതിയ വനിതാ ഏകദിന റാങ്കിങില്‍ വെറ്ററന്‍ താരങ്ങളായ ക്യാപ്റ്റന്‍ മിതാലി രാജ്, ബൗളര്‍ ജുലന്‍ ഗോസ്വാമി എന്നിവര്‍ക്ക് നേട്ടം.
മിതാലി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏകദിന ബാറ്റര്‍മാരില്‍ ആറാം സ്ഥാനത്തെത്തി. ജുലന്‍ ഗോസ്വാമിയും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളര്‍മാരുടെ റാങ്കില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ അവസാന ലീഗ് പോരാട്ടത്തില്‍ മിതാല് അര്‍ധ സെഞ്ച്വറിയുമായി ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതാണ് റാങ്കിങില്‍ നില മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റന് തുണയായത്. ഓസ്‌ട്രേലിയന്‍ താരം റെയ്ച്ചല്‍ ഹെയ്ന്‍സ്, ഇംഗ്ലണ്ടിന്റെ ടമ്മി ബ്യുമൊണ്ട് എന്നിവരെയാണ് മിതാലി പിന്തള്ളിയത്.
ഓപ്പണര്‍ സ്മൃതി മന്ധനയും ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധ ശതകം നേടിയിരുന്നു. താരം പത്താം സ്ഥാനത്ത് തന്നെ തുടരുന്നു.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഏഴാം സ്ഥാനത്തുണ്ട്. ഈ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുണ്ടായിരുന്നു ജുലന്‍ ഗോസ്വാമിക്ക് ഒരു സ്ഥാനം നഷ്ടമായി. താരം പത്താം സ്ഥാനത്തേക്ക് ഇറങ്ങി.