പോര്‍ച്ചുഗല്‍ ഇല്ലാതെ ഒരു ലോകകപ്പ് ഇല്ല, ഞങ്ങളെ ഞെട്ടിക്കാന്‍ നോര്‍ത്ത് മാസിഡോണിയക്കും കഴിയില്ല: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

നോര്‍ത്ത് മാസിഡോണിയയെ വീഴ്ത്തി ഖത്തര്‍ ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍ എത്തുമെന്ന് ഉറപ്പിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പോര്‍ട്ടോ: നോര്‍ത്ത് മാസിഡോണിയയെ വീഴ്ത്തി ഖത്തര്‍ ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍ എത്തുമെന്ന് ഉറപ്പിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ഇല്ലാതെ ഒരു ലോകകപ്പ് ഉണ്ടാവില്ലെന്നാണ് ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. 

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഗ്രൂപ്പില്‍ സെര്‍ബിയക്കും പിന്നില്‍ രണ്ടാമത് ഫിനിഷ് ചെയ്തതോടെയാണ് പോര്‍ച്ചുഗല്‍ പ്ലേഓഫ് കളിക്കാന്‍ എത്തിയത്. പ്ലേഓഫ് സെമിയില്‍ തുര്‍ക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലിലേക്ക് എത്തി. ഇറ്റലിയെ അവസാന നിമിഷം തളച്ച നോര്‍ത്ത് മാസിഡോണിയയാണ് ഫൈനലില്‍ പോര്‍ച്ചുഗല്ലിന്റെ എതിരാളികള്‍. 

ഖത്തറില്‍ ക്രിസ്റ്റിയാനോ ഉണ്ടായേക്കില്ല എന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ക്രിസ്റ്റിയാനോയുടെ വാക്കുകള്‍. പോര്‍ച്ചുഗല്‍ ഇല്ലാതെ ലോകകപ്പ് ഇല്ല. വ്യക്തികള്‍ അല്ല ഇവിടെ വിഷയം. ഞങ്ങളും ഞെട്ടി. നോര്‍ത്ത് മാസിഡോണിയെ പല മത്സരങ്ങളിലും ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ നാളെ അവര്‍ക്ക് ഞങ്ങളെ ഞെട്ടിക്കാനാവുമെന്ന് തോന്നുന്നില്ല. പോര്‍ച്ചുഗല്‍ നന്നായി കളിക്കുകയും ലോകകപ്പിലേക്ക് ഉറപ്പിക്കുകയും ചെയ്യും, ക്രിസ്റ്റ്യാനോ പറയുന്നു. 

എന്റെ ഭാവിയെ കുറിച്ച് തീരുമാനിക്കേണ്ടത് ഞാന്‍ ആണ്, മറ്റാരുമല്ല

'ജയിച്ചാല്‍ ലോകകപ്പിലേക്ക് പോകുമെന്നും തോറ്റാല്‍ പുറത്താവുമെന്നും ഞങ്ങള്‍ക്കറിയാം. പോസിറ്റീവായിരിക്കുകയും കളി ജയിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം. എല്ലാവരും തയ്യാറായിരിക്കുകയാണ്.നാളെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ടീമിനായി പുറത്തെടുക്കാന്‍ കാത്തിരിക്കുകയാണ് അവര്‍.' 

വിരമിക്കലിനെ കുറിച്ചും ക്രിസ്റ്റിയാനോ പ്രതികരിച്ചു. എന്റെ ഭാവിയെ കുറിച്ച് തീരുമാനിക്കേണ്ടത് ഞാന്‍ ആണ്, മറ്റാരുമല്ല. കൂടുതല്‍ കളിക്കാനാണ് എനിക്ക് തോന്നുന്നത് എങ്കില്‍ ഞാന്‍ കളിക്കും. കൂടുതല്‍ കളിക്കേണ്ട എന്നാണ് തോന്നുന്നത് എങ്കില്‍ ഞാന്‍ കളിക്കില്ല. ഞാന്‍ തീരുമാനിക്കും, സൂപ്പര്‍ താരം വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com