'എടാ, ഇറങ്ങി നിന്നോ'; ദേവ്ദത്തിനോട് മലയാളത്തില്‍ സഞ്ജു സാംസണ്‍(വീഡിയോ)
By സമകാലിക മലയാളം ഡെസ്ക് | Published: 30th March 2022 12:50 PM |
Last Updated: 30th March 2022 12:50 PM | A+A A- |

സഞ്ജു സാംസണ്‍, ദേവദ്ത്ത് പടിക്കല്‍, യശസ്വി ജയ്‌സ്വാള്‍/ഫോട്ടോ: പിടിഐ
മുംബൈ: ഓപ്പണിങ്ങില്‍ കളിച്ചിരുന്ന ദേവ്ദത്തിന് മധ്യനിരയിലേക്ക് ഇറങ്ങിയാല്‍ മികവ് കാണിക്കാന്‍ സാധിക്കുമോ എന്നായിരുന്നു പലരുടേയും സംശയം. എന്നാല്‍ തകര്‍ത്തടിച്ച് ദേവ്ദത്ത് ഉത്തരം നല്‍കി. രണ്ട് മലയാളി താരങ്ങള്‍ രാജസ്ഥാന് വേണ്ടി തകര്‍ത്ത് കളിച്ചപ്പോള്‍ ഇരുവരുടേയും ക്രീസിലെ മലയാളത്തിലെ സംസാരമാണ് ആരാധകര്‍ക്ക് കൗതുകമാവുന്നത്.
പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടല്ലേ എന്നാണ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ദേവ്ദത്തിനോട് സഞ്ജു ചോദിച്ചത്. റണ്ണിനായുള്ള ഓട്ടത്തിന് ഇടയില്‍ രണ്ട്, രണ്ട് എന്നും സഞ്ജു വിളിച്ചു പറയുന്നുണ്ടായി. ഫീല്‍ഡ് സെറ്റ് ചെയ്യുന്ന സമയത്തും മലയാളത്തിലാണ് സഞ്ജു ദേവ്ദത്തിനോട് സംസാരിച്ചത്.
എടാ, നീ ഇറങ്ങി നിന്നോ എന്നാണ് സഞ്ജു ദേവ്ദത്തിനോട് പറഞ്ഞത്. ഇരുവരും മലയാളത്തില്‍ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ബാറ്റിങ്ങില്‍ 73 റണ്‍സ് ആണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.
27 പന്തില്‍ നിന്ന് 3 ഫോറും 5 സിക്‌സും സഹിതമാണ് സഞ്ജു 55 റണ്‍സ് നേടിയത്. ദേവ്ദത്ത് പടിക്കല്‍ 29 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും സഹിതം 41 റണ്‍സ് നേടി. രാജസ്ഥാന്‍ മുന്‍പില്‍ വെച്ച 210 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് 149 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു.