വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തെറിഞ്ഞു; വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയ ഫൈനലില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2022 12:08 PM |
Last Updated: 30th March 2022 12:10 PM | A+A A- |

ലോകകപ്പ് സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ/ഫോട്ടോ: എഎഫ്പി
വെല്ലിങ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ ഫൈനലില്‍ കടന്ന് ഓസ്‌ട്രേലിയ. സെമി ഫൈനലില്‍ 157 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്ക് മേല്‍ ഓസ്‌ട്രേലിയ ജയം പിടിച്ചത്. ഏഴാം ലോക കിരീടം തേടിയാണ് കലാശപ്പോരില്‍ ഓസ്‌ട്രേലിയ ഇറങ്ങുന്നത്.
ലോകകപ്പില്‍ കളിച്ച ഏഴ് കളിയിലും തോല്‍വി അറിയാതെയാണ് ഓസ്‌ട്രേലിയ സെമിയിലേക്ക് എത്തിയത്. സെമിയിലും ആ ആധിപത്യം അവര്‍ തുടര്‍ന്നു. ഓസ്‌ട്രേലിയ മുന്‍പില്‍ വെച്ച 306 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ വിന്‍ഡിസ് പൊരുതാന്‍ പോലും നില്‍ക്കാതെ തോല്‍വി സമ്മതിച്ചു.

148 റണ്‍സിനാണ് വിന്‍ഡിസ് ഓള്‍ഔട്ടായത്. നാല് താരങ്ങള്‍ വിന്‍ഡിസ് നിരയില്‍ പൂജ്യത്തിന് പുറത്തായി. രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രം. 48 റണ്‍സ് എടുത്ത സ്റ്റെഫാനി ടെയ്‌ലറാണ് വിന്‍ഡിസിന്റെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ട് ബൗളിങ് മികവാണ് വിന്‍ഡിസിനെ തകര്‍ത്തത്. മെഗന്‍ ഷുട്ട്, അനാബെല്‍, തഹില മഗ്രാത്ത്, അലന കിങ്, ആഷ്‌ലെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജെസ് ജോനാസന്‍ രണ്ട് വിക്കറ്റും.
മഴ കളി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് മത്സരം 45 ഓവറായി ചുരുക്കിയിരുന്നു. 107 പന്തില്‍ നിന്ന് 129 റണ്‍സ് അടിച്ചെടുത്ത ഹീലിയുടെ ഇന്നിങ്‌സ് ആണ് ഓസ്‌ട്രേലിയക്ക് കുറ്റന്‍ സ്‌കോര്‍ നല്‍കിയത്. ഓപ്പണിങ്ങില്‍ റെയ്ച്ചല്‍ ഹെയ്‌നസും ഹീലിയും ചേര്‍ന്ന് ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. 85 റണ്‍സ് എടുത്താണ് ഹെയ്‌നസ് മടങ്ങിയത്. ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് വീഴുമ്പോഴേക്കും സ്‌കോര്‍ ബോര്‍ഡിലേക്ക് 216 റണ്‍സ് എത്തിയിരുന്നു. ഹീലിയാണ് കളിയിലെ താരം.
