ഇത് ഔട്ട് ആണോ? ദേവ്ദത്ത് പടിക്കലിന്റെ ക്യാച്ച് വിവാദത്തില്‍, തേര്‍ഡ് അമ്പയര്‍ക്കെതിരെ ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 10:54 AM  |  

Last Updated: 30th March 2022 10:55 AM  |   A+A-   |  

devdut_padikkal_catch

വീഡിയോ ദൃശ്യം

 

മുംബൈ: ഹൈദരാബാദിന്റെ സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോഴാണ് കെയ്ന്‍ വില്യംസണ്‍ മടങ്ങിയത്. സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് എടുത്ത ആ ക്യാച്ച് ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഹൈദരാബാദ് ക്യാപ്റ്റന്റെ വിലപ്പെട്ട വിക്കറ്റ് തുടക്കത്തിലെ വീഴ്ത്തി സമ്മര്‍ദം സൃഷ്ടിക്കാന്‍ രാജസ്ഥാന് കഴിഞ്ഞു. എന്നാല്‍ ആ ക്യാച്ചിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. 

അത് ഔട്ടല്ലായിരുന്നു എന്ന് പറഞ്ഞ് തേര്‍ഡ് അമ്പയര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായാണ് ആരാധകര്‍ എത്തുന്നത്. പ്രസിദ്ധ് കൃഷ്ണയുടെ ഡെലിവറിയില്‍ എഡ്ജ് ചെയ്ത് പന്ത് തന്റെ വലത്തേക്ക് ചാടി ഒറ്റക്കയ്യില്‍ പിടിക്കാനാണ് സഞ്ജു ശ്രമിച്ചത്. പക്ഷേ സ്ലിപ്പായി പന്ത് താഴേക്ക് പോകവെ ഫസ്റ്റ് സ്ലിപ്പില്‍ നിന്ന ദേവ്ദത്ത് പടിക്കല്‍ കൈക്കലാക്കി. 

എന്നാല്‍ ദേവ്ദത്തിന്റെ കയ്യിലേക്ക് എത്തിയ പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്തു എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏഴ് പന്തില്‍ നിന്ന് വില്യംസണ്‍ രണ്ട് റണ്‍സ് മാത്രം എടുത്താണ് മടങ്ങിയത്. വില്യംസണ്‍ മടങ്ങിയതിന് പിന്നാലെ ഹൈദരാബാദിന് തുടരെ വിക്കറ്റ് നഷ്ടമായി. 

78-6 എന്ന നിലയിലേക്ക് വീണ ഹൈദരാബാദിനെ അര്‍ധ ശതകം നേടിയ മര്‍ക്രമും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. മര്‍ക്രം 41 പന്തില്‍ നിന്ന് 5 ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സ് എടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ 14 പന്തില്‍ നിന്നാണ് 5 ഫോറും രണ്ട് സിക്‌സും പറത്തി 40 റണ്‍സ് കണ്ടെത്തിയത്.